ambala

അമ്പലപ്പുഴ: കൈയേറ്റം മൂലം വീതികുറഞ്ഞ്, നീരൊഴുക്കില്ലാതായ ഇടത്തോടുകൾ കാലവർഷക്കാലത്ത് തങ്ങളെ വെള്ളത്തിൽ മുക്കുമോ എന്ന ആശങ്കയിലാണ് പുന്നപ്ര, പറവൂർ പ്രദേശവാസികൾ. അശാസ്ത്രീയ റോഡു നിർമ്മാണവും ഇടത്തോടുകൾ നികത്തിയതും തോടുകളിൽ മാലിന്യ നിക്ഷേപം വർദ്ധിച്ചതുമാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. നിലവിൽ ഉണങ്ങിവരണ്ട അവസ്ഥയിലാണ് തോടുകൾ പലതും.

ഒരു കാലത്ത് കേവുവള്ളങ്ങൾ വരെ എത്തിയിരുന്ന ഈരത്തോട്, പൊന്നാകരിത്തോട്, കുറവൻതോട് എന്നിവയെല്ലാം നീരൊഴുക്കില്ലാതെ മാലിന്യം കുന്നുകൂടിയ അവസ്ഥയിലാണ്. 20 അടി വരെ വീതിയുണ്ടായിരുന്ന തോടുകൾ കൈയേറ്റത്തെ തുടർന്ന് 6 അടി വരെയായി. വെള്ളം ഒഴുകിപ്പോയിരുന്ന പല ഇടത്തോടുകളിലും മുട്ടിട്ട് ഇട റോഡുകൾ നിർമ്മിച്ചതും നീരൊഴുക്കിന് തടസമായി. കാന നിർമ്മിക്കാതെയുള്ള പഞ്ചായത്തു റോഡുകളുടെ നിർമ്മാണവും മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്.

അശാസ്ത്രീയമായാണ് പല സ്ഥലത്തും റോഡുകൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് പൊതുവെ ഉള്ള ആക്ഷേപം. തോടുകളിൽ കുമിഞ്ഞുകൂടിയ മാലിന്യം പഞ്ചായത്ത് അധികൃതർ നീക്കം ചെയ്യാത്തതും നീരൊഴുക്കിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കളർകോടു മുതൽ വണ്ടാനം വരെയുള്ള പല ഇടത്തോടുകളും നികന്നു. അതിശക്തമായ മഴയുണ്ടായാൽ ഈ പ്രദേശത്തെ ജനങ്ങളെല്ലാം ദുരിതത്തിലാകും. നിരവധി വീടുകൾ വെള്ളക്കെട്ടിലുമാകും. ഒരു മഴയിൽത്തന്നെ ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകുന്നത് നിത്യസംഭവമാണ്.

 മുന്നൊരുക്കമെവിടെ?

കാലവർഷ മുന്നൊരുക്കങ്ങൾ ആരംഭിക്കാത്തതും വെള്ളപ്പൊക്ക ഭീതിക്ക് ശക്തി വർദ്ധിപ്പിക്കുന്നുണ്ട്. പഴയ നടക്കാവ് റോഡിന്റെയും കാനയുടേയും നിർമ്മാണം പൂർത്തിയാകാത്തതും നീരൊഴുക്കിന് തടസമാകും. എല്ലാവർഷവും മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നീരൊഴുക്ക് ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമായിരുന്നു.