ambala

അമ്പലപ്പുഴ: കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് വള്ളങ്ങളും ബോട്ടുകളും ഇറങ്ങാതിരുന്ന പുന്നപ്ര ചള്ളി കടൽത്തീരത്തിന്റെ ശാന്തത മത്സ്യത്തൊഴിലാളികൾക്ക് ചാകരപ്രതീക്ഷ നൽകുന്നു. ഈ ഭാഗത്ത് കടൽ ശാന്തമായി, ചെളിയടിഞ്ഞു കുഞ്ഞോളങ്ങൾ മാത്രമായ അവസ്ഥയാണിപ്പോൾ.

നിലവിലെ വറുതിക്കു ശമനമുണ്ടാകുന്ന തരത്തിൽ മത്സ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം വലിയ വള്ളങ്ങളും മത്സ്യബന്ധന ബോട്ടുകളും ആഴ്ചകളോളം കടലിൽ ഇറക്കിയിരുന്നില്ല. ഇതു മൂലം കിലോമീറ്ററുകളോളം കടൽ ശാന്തമായിരുന്നു. യന്ത്രവത്കൃത വള്ളങ്ങളിൽ നിന്നുള്ള ഇന്ധനമാലിന്യം കടലിൽ വീഴാതിരുന്നതിനാൽ പുറംകടലിൽ നിന്നു മത്സ്യങ്ങൾ കൂട്ടമായെത്താൻ ഇടവരുത്തിയിട്ടുണ്ടാവാം എന്നാണ് വിദഗ്ദ്ധാഭിപ്രായം.

ചള്ളി കടപ്പുറത്തു ചാകര സാദ്ധ്യത തെളിഞ്ഞതിനാൽ ഇന്നു മുതൽ ഇവിടെ വള്ളങ്ങൾ അടുക്കും. മുമ്പ് ഈ ഭാഗത്ത് കടൽ ശാന്തമല്ലാതിരുന്നതിനാൽ നീർക്കുന്നം കുപ്പിമുക്കിലാണ് വള്ളങ്ങൾ അടുത്തിരുന്നത്. എന്നാൽ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാൽ ഏറെ ദുഷ്കരമാണ് കുപ്പിമുക്കിലെ ചന്തക്കടവിന്റെ പ്രവർത്തനം. കരയിലേക്കടുക്കുന്ന വള്ളങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്.വാഹനങ്ങൾ നിറുത്തിയിടാനും സൗകര്യമില്ല. ലേലത്തിൽ പിടിച്ച മത്സ്യം കുട്ടയിൽ ചുമന്നു റോഡിൽ എത്തിക്കുന്നതും ബുദ്ധിമുട്ടായിരുന്നു. അതേ സമയം ചള്ളി ഫിഷ് ലാൻഡിംഗ് സെന്ററിൽ ലേലത്തിനും വാഹനങ്ങൾ പാർക്കു ചെയ്യാനും ഏറെ സൗകര്യമുണ്ട്. ചാകര സാദ്ധ്യതയറിഞ്ഞ് ഇന്നലെ നിരവധി വാഹനങ്ങളാണ് ഫിഷ് ലാൻഡിംഗ് സെന്ററിലെത്തിയത്.