ആലപ്പുഴ: ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചു.വേനൽ മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും ഇടിമിന്നലും 17 വരെ തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ പ്രത്യേകം ജാഗ്രത പാലിക്കണം.

പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കരുത്. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പാലിക്കണം.

# പൊതു നിർദേശങ്ങൾ

 ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു അപകട സാദ്ധ്യത

 മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്, വീടിന്റെ ടെറസിൽ നിൽക്കരുത്

 ഓല മേഞ്ഞതോ, ഷീറ്റിട്ടതോ ആയ വീടുകളിൽ നിന്ന് സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണം

 കാറ്റ് വീശിത്തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടണം, സമീപത്ത് നിൽക്കരുത്

 വൈദ്യുതി കമ്പികളും പോസ്റ്റുകളും വീഴാനുള്ള സാദ്ധ്യത കൂടുതൽ

 പത്രം-പാൽ വിതരണക്കാർ അതിരാവിലെ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം

 വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം

 പാടത്തു കൂടിയുള്ള വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഇറങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം

 ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം