ആലപ്പുഴ: കൊവിഡ് മൂലം വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത, ജില്ലയിലെ പ്രവാസികൾക്ക് 'വീടണയാൻ നാടിന്റെ കൈത്താങ്ങ്' പദ്ധതി അനുസരിച്ച് സൗജന്യ യാത്രാടിക്കറ്റ് നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പണമില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള യാത്രാ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന കോൺഗ്രസ് നിർദേശം അവഗണിച്ചതിനാലാണ് ഡി.സി.സി ജില്ലയിലെ അർഹരായ പ്രവാസികൾക്ക് സൗജന്യമായി ടിക്കറ്റ് എടുത്തു നൽകാൻ തീരുമാനിച്ചത്. അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവിനായി നീക്കിവെച്ച 10,60,200 രൂപ കളക്ടർ നിരസിച്ചതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവരുടെ അനുമതിയോടെ ഈ തുക പ്രവാസികൾക്കായി വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഖത്തർ, ബെഹറിൻ, കുവൈറ്റ്, സൗദി, മസ്ക്കറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിരവധി പേർ നാട്ടിലെത്താൻ മാർഗമില്ലാതെ കഴിയുന്നുണ്ട്. പ്രവാസികളുടെ ബന്ധുക്കൾ പാസ്പോർട്ട് സഹിതം ഡി.സി.സിയിൽ നേരിട്ടും വാട്ട്സാപ്പായും നൽകുന്ന അപേക്ഷകൾ പരിശോധിച്ച് ഏറ്റവും അർഹരായവർക്ക് ടിക്കറ്റ് നൽകും.

ഡി.സി.സിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നവമാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് സി.പി.എം ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സുഹൈലിനെ അക്രമിച്ച പ്രതികൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ലിജു പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9497528371, വാട്ട്സാപ്പ്: 9400963957