ആലപ്പുഴ: നിമിഷംതോറും കൊവിഡ് കേസുകൾ പെരുകുന്ന മഹാരാഷ്ട്രയിൽ നൻമയുടെ മുഖമാവുകയാണ് പത്തനംതിട്ട തണ്ണിത്തോട് സ്വദേശി സജി തോമസ്. നിത്യവൃത്തിക്കു ഗതിയില്ലാതെ വിഷമിക്കുന്ന നൂറ് കണക്കിനാളുകളുടെ വിശപ്പകറ്റുകയാണ് ഈ മനുഷ്യസ്നേഹി.
കഴിഞ്ഞ 16 വർഷമായി മഹാരാഷ്ട്രയിലെ സേവാഗ്രാം ജില്ലയിൽ കാറ്ററിംഗ് സർവീസ് നടത്തുകയാണ് സജി. കൊവിഡ് പശ്ചാത്തലത്തിൽ പ്രദേശത്തെ 120 കുടംബങ്ങൾക്ക് അരിയും, പരിപ്പും, ആട്ടയും അടക്കമുള്ള സാധനങ്ങൾ വീട്ടിലെത്തിച്ചു. സേവാഗ്രാമിലെ പൊലീസിന്റെ സഹായത്തോടെയായിരുന്നു ഗുണഭോക്താക്കളെ കണ്ടെത്തിയതും സാമൂഹിക അകലം പാലിച്ച് വിതരണം നടത്തിയതും. ഭക്ഷ്യ കിറ്റ് ലഭിച്ചപ്പോൾ അവരുടെ മുഖത്ത് നിറഞ്ഞ സന്തോഷമാണ് താൻ ആഗ്രഹിച്ച പ്രതിഫലമെന്ന് സജി തോമസ് പറയുന്നു. വർഷങ്ങളായി സേവാഗ്രാമിൽ സ്ഥിരതാമസക്കാരനായ സജി ഇതിനകം നിരവധി ആളുകൾക്ക് സഹായമെത്തിച്ചിട്ടുണ്ട്. ട്രെയിൻ അപകടത്തിൽപ്പെട്ട വൈപ്പിൻ സ്വദേശിയായ യുവാവിനെ ഏറ്റെടുത്ത് ശുശ്രൂഷ നൽകി സ്വന്തം ചെലവിൽ കേരളത്തിലേക്ക് അയയ്ക്കാൻ നേതൃത്വം നൽകിയത് സജിയായിരുന്നു.
മഹാത്മാഗാന്ധി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കുമായി അഞ്ച് ഹോട്ടൽ മെസുകളും കൂടാതെ ഒരു ഹോട്ടലും നടത്തുകയാണ് സജി. വരുമാനത്തിലെ ഒരു പങ്ക് സേവനത്തിനായി മാറ്റിവയ്ക്കുന്നതിന് കുടംബത്തിന്റെ പൂർണപിന്തുണ ലഭിക്കുന്നതായി സജി പറയുന്നു. വീടിസ് സമീപത്തെ അൽഫോൻസാ കോൺവന്റിലെ സിസ്റ്റർമാരുടെ സഹായത്തോടെയാണ് 120 കുടംബങ്ങൾക്കുള്ള സാധനങ്ങൾ പായ്ക്ക് ചെയ്തത്. മഹാത്മാഗാന്ധി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയസിൽ സ്റ്റാഫ് നഴ്സാണ് ഭാര്യ ഷീജ. മക്കൾ:
ശ്രേയ, ഷെറിൻ.