ചേർത്തല: എസ്.എൻ.ഡി.പി യോഗം സ്ഥാപകദിനമായ നാളെ ശുചിത്വ ബോധവത്കരണദിനമായി ആചരിച്ച് യൂണിയൻ, ശാഖ ഓഫീസുകളിലും ഭവനങ്ങളിലും ചെരാതുകളിൽ ഐക്യദീപം തെളിക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനംചെയ്തു. ലോക്ക്‌ഡൗൺ പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിയന്ത്റണങ്ങൾ പാലിച്ചുവേണം പരിപാടി സംഘടിപ്പിക്കാൻ.
യോഗം സ്ഥാപിതമായതിന്റെ 117-ാമത് വാർഷികമാണ് നാളെ. 1903 മേയ് 15 നാണ് എസ്.എൻ.ഡി.പി യോഗം രജിസ്റ്റർ ചെയ്തത്. നാളെ വൈകിട്ട് 6ന് എല്ലായിടത്തും 117 ചെരാതുകളിൽ ദീപം തെളിക്കണം. ഓഫീസുകളിൽ ദീപം തെളിക്കാൻ 5 പേരിൽ കൂടുതലാവരുത്. പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. പരിപാടിയുടെ ഉദ്ഘാടനം കണിച്ചുകുളങ്ങരയിലെ വസതിയിൽ ദീപം തെളിച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.
കൊവിഡ് പ്രതിരോധത്തിന്റെ ഏറ്റവും അടിസ്ഥാനഘടകം ശുചിത്വപാലനമാണ്. ശ്രീനാരായണ ഗുരുദേവൻ ആഹ്വാനം ചെയ്തതും പഞ്ചശുദ്ധിയിൽ അധിഷ്ഠിതമായൊരു ജീവിതരീതിയാണ്. ഗുരുദേവദർശനം നെഞ്ചിലേറ്റിയ പ്രസ്ഥാനമെന്ന നിലയിൽ ശുചിത്വ ബോധവത്കരണം യോഗത്തിന്റെ കർമ്മപരിപാടിയാണ്. ലോക്ക് ഡൗൺ കാലത്ത് നമ്മുടെ ചുറ്റുപാടുകൾ നല്ലൊരളവിൽ മാലിന്യമുക്തമായിട്ടുണ്ട്. അത് നിലനിറുത്തിക്കൊണ്ടുള്ളൊരു സംസ്‌കാരമാണ് പിന്തുടരേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.