3590 ഷാപ്പിൽ തുറന്നത് 900ൽ താഴെ
പ്രശ്നം പാലക്കാടൻ കള്ള് എത്താത്തത്
ആലപ്പുഴ: ഷാപ്പ് തുറന്ന ഇന്നലെ കള്ള് മോഹിച്ചെത്തിയ മഹാഭൂരിപക്ഷവും, പാഴ്സലായി വാങ്ങാൻ കരുതിയ കാലിക്കുപ്പികൾ വലിച്ചെറിഞ്ഞ് നിരാശരായി മടങ്ങി. മാസ്ക് വച്ച് സാമൂഹ്യാകലവും പാലിച്ച് വരി നിന്നിട്ടും തുള്ളി കിട്ടാതെ വന്നാൽ...
3590 ഷാപ്പുകളിൽ ഇന്നലെ തുറന്നത് 900ൽ താഴെ മാത്രം. മിക്കയിടത്തും 10 ലിറ്റർ പോലുമില്ല സ്റ്റോക്ക്. 9ന് തുറന്ന് 11ന് മുമ്പേ അടച്ചുപൂട്ടി ഷാപ്പുകാർ സ്ഥലംവിട്ടു.
ആലപ്പുഴ ജില്ലയിലെ 406ൽ 94 ഷാപ്പും, കോട്ടയത്ത് 510ൽ വെറും 86ഉം, എറണാകുളത്ത് 438ൽ 78മാണ് ഇന്നലെ തുറന്നത്. തിരുവനന്തപുരത്ത് ഒരെണ്ണം പോലും തുറന്നില്ല.
പാലക്കാട്ടു നിന്ന് കള്ളു കൊണ്ടുവരാനുള്ള പെർമിറ്റിന് ഷാപ്പ് ലൈസൻസികൾ യഥാസമയം അപേക്ഷിക്കാതിരുന്നതാണ് പ്രശ്നമായത്. കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള 40,000 ത്തിനടുത്ത് തൊഴിലാളികളാണ് പാലക്കാട്ട് ചെത്തുന്നത്. ലൈസൻസികൾ തെങ്ങൊന്നിന് 30 രൂപ നികുതിയടച്ച് പെർമിറ്റിനായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കാണ് അപേക്ഷിക്കേണ്ടത്. അവർ അപേക്ഷകൾ പാലക്കാട്ടേക്ക് അയയ്ക്കും. അവിടെ ചെത്തുന്ന തോപ്പുമായി ബന്ധപ്പെട്ട എക്സൈസ് സി.ഐമാരാണ് പെർമിറ്റ് അനുവദിക്കുന്നത്.
മറ്റു ജില്ലകളിലേക്ക് കൊണ്ടുവരുന്ന ഓരോ ലിറ്റർ കള്ളിനും ഒരു രൂപ നിരക്കിൽ സർക്കാരിന് നൽകണം. തെങ്ങിന്റെ പാട്ടത്തുക ലൈസൻസി നൽകണം. 500 രൂപ മുതലാണ് ഒരു വർഷത്തെ പാട്ടത്തുക. പക്ഷേ, ലോക്ക് ഡൗൺ മൂലം ഈ നടപടികളെല്ലാം മുടങ്ങി.