pachakkari

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ 34 ശാഖകളിലെയും വീടുകളിൽ 'വീട്ടിലൊരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പാക്കാൻ യൂണിയന്റെ നേതൃത്വത്തിൽ യൂത്ത്മൂവ്മെന്റ്, വനിതാസംഘം, സൈബർസേന അംഗങ്ങൾ രംഗത്ത്. 'പ്രകൃതിയെ സ്നേഹിക്കൂ, കൃഷിയിലേക്ക് മടങ്ങൂ' എന്ന ആശയവുമായി ശാഖാംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ നൽകി, ആവശ്യമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കാൻ വേണ്ടിയാണ് പദ്ധതിക്ക് രൂപം നൽകിയത്.

എല്ലാ ശാഖായോഗങ്ങളിലും പച്ചക്കറി വിത്ത് ആവശ്യമുള്ളർ അതത് ശാഖകളിൽ പേര് രജിസ്റ്റ‌ർ ചെയ്യണം. ശാഖായോഗത്തിലെ മൈക്രോ യൂണിറ്റുകൾ, കുടുംബയോഗ യൂണിറ്റുകൾ എന്നിവർക്ക് പദ്ധതിയിൽ അംഗമാകാം. ഗ്രൂപ്പായോ, ശാഖാ യോഗത്തിനോ, വ്യക്തിഗതമായോ പച്ചക്കറി കൃഷി ചെയ്യാം. ഏറ്റവും മികച്ച കൃഷിത്തോട്ടങ്ങൾക്ക് വ്യക്തിഗതമായും ശാഖാതലങ്ങളിലും ഗ്രൂപ്പായും അവാർഡുകൾ നൽകും. യൂണിയൻതല സമിതികൾ കൃഷി നിരീക്ഷിക്കും. പച്ചക്കറി വിത്തുകൾ യൂണിയൻ നേതൃത്വത്തിൽ വിവിധ ഫാമുകളിൽ നിന്ന് സമാഹരിച്ച് സൗജന്യമായി നൽകുമെന്ന് യൂണിയൻ ചെയർമാൻ പി.ബി. ബിനീഷ്, വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി എന്നിവർ അറിയിച്ചു.