bdn

ഹരിപ്പാട്: നഴ്സസ് ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചാം ക്ലാസുകാരിയുടെ സ്നേഹ സമ്മാനം. ആറാട്ടുപുഴ കള്ളിക്കാട് മേടയിൽ പ്രതീപൻ വിജി ദമ്പതികളുടെ മകളായ പാർവണ പ്രതീപൻ(11) ആണ് ദുരിതാശ്വാസനിധിയിലേക്ക് 1759 രൂപ നൽകിയത്. മത്സ്യത്തൊഴിലാളിയായ പ്രതീപൻ കൊല്ലത്താണ് ജോലി ചെയ്യുന്നത്. അവിടേക്ക് യാത്ര ചെയ്യാനുള്ള പാസിനായി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിതാവിനൊപ്പം എത്തിയ പാർവണ താൻ ഏറെ കാലമായി സൂക്ഷിച്ചിരുന്ന സമ്പാദ്യ കുടുക്കയുമായി​ വന്നത്. തുടർന്ന് പൊലീസ് തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരായ പി.ലിൻസി, വി. ആർ സുചിത്ര എന്നിവർ സ്റ്റേഷനിൽ എത്തി. സി. ഐ ആർ.ജോസ്, എസ്. ഐ ആനന്ദ ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാർവണയിൽ നിന്നും തുക കൈപ്പറ്റി​. ആറാട്ടുപുഴ എം. യു. യു. പി എസിലെ അഞ്ചാം ക്ലാസ്‌ വിദ്യാർത്ഥിയാണ് പാർവണ പ്രതീപൻ. പാഠ്യ പാഠ്യേതര വിഷയങ്ങളിലും പാർവണ മികവ് പുലർത്തുന്നുണ്ട്. ഏക സഹോദരൻ പ്രണവ് പ്ലസ് വൺ വിദ്യാർത്ഥിയാണ്.