ചേർത്തല: കൊവിഡ് നിരീക്ഷണത്തിലുള്ളവർ കഴിയുന്ന ഇടങ്ങളിൽ മാലിന്യ സംസ്‌കരണത്തിനായി എയർടൈറ്റ് ബാഗുകൾ ഒരുക്കി തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ നൂതന മാതൃക.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുളള മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനാണ് പുതിയ പദ്ധതി.കെ.ടി.ഡി.സിയിൽ പ്രവാസികളായ 19 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.അതോടൊപ്പം 22 പേർ ഗൃഹനിരീക്ഷണത്തിലും കഴിയുന്നു. അവർ ഉപയോഗിക്കുന്ന മാസ്‌കുകളും ഗ്ലൗസുകളും ഉൾപ്പെടെയുളളവ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കാൻ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സോണി കണ്ടെത്തിയതാണ് പുതിയ സംവിധാനം. രോഗികളുമായി നേരിട്ട് ബന്ധപ്പെടാതെ അവർ ഉപയോഗിക്കുന്ന മാലിന്യങ്ങൾ എയർടൈറ്റ് പി.വി.സിയോടൊപ്പം തന്നെ മുളംകുഴലുംകൊണ്ടുളള ബാഗുകളുമാണ് തയ്യാറാക്കുന്നത്. ഇതിൽ സൂക്ഷിക്കുന്ന മാസ്‌കും ഗ്ലൗസും മറ്റ് വ്‌സതുക്കളും സംസ്‌കരിക്കാൻ പഞ്ചായത്ത് രണ്ട് ഇൻസിനറേറ്ററുകളും തയ്യാറാക്കിക്കഴിഞ്ഞു. പഞ്ചായത്തിന്റെ പുതിയ പദ്ധതിക്ക് ആരോഗ്യ വകുപ്പിന്റെ പ്രത്യേക അഭിനന്ദനവും ലഭിച്ചു. മുളംകുഴകുറ്റിയിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നതിനും തടസമില്ല.ഗ്രാമപഞ്ചായത്തിൽ നടന്ന പ്രദർശനത്തിന് ശേഷം പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് ബാഗുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ബിനിത മനോജ്,സുധർമ്മ സന്തോഷ്,രമേഷ് ബാബു,സുനിമോൾ,ലിജി, എം.മധു തുടങ്ങിയവർ പങ്കെടുത്തു.മാലിന്യ സംസ്‌കരണത്തിന് പുതിയ തണ്ണീർമുക്കം മാതൃക കണ്ടെത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സോണിയെ പഞ്ചായത്ത് ആദരിച്ചു.