മാവേലിക്കര: കേന്ദ്ര സാമ്പത്തിക പുനരുജ്ജീവന പദ്ധതി ശമ്പളക്കാർക്കും നികുതിദായകർക്കും വേണ്ടിയുള്ള പ്രഖ്യാപനമായിപ്പോയെന്ന് കോൺഗ്രസ് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. സ്ഥിരവരുമാനമുള്ള ഉപരി മദ്ധ്യവർഗ വിഭാഗത്തിന് സഹായകമായ ഇളവുകൾ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ പാവപ്പെട്ടവരുടെ ജൻധൻ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതായുള്ള ഒരു പ്രഖ്യാപനവും ഉണ്ടായില്ല. തൊഴിലാളികളേയും കർഷരേയും ദുർബല വിഭാഗങ്ങളേയും അവഗണിച്ച കേന്ദ്ര സർക്കാർ കോവിഡ് അനന്തര ഇന്ത്യയിൽ പാവങ്ങൾക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.