ആലപ്പുഴ: ജില്ലയിൽ കള്ള് ഷാപ്പുകളുടെ 'തലസ്ഥാന'മായ കുട്ടനാട്ടിൽ ഇന്നലെ ഒറ്റ ഷാപ്പിലും കള്ള് കിട്ടിയില്ല.ആലപ്പുഴ റെയ്ഞ്ചിലെയും മുഴുവൻ ഷാപ്പുകളും സോമരസ പ്രേമികൾക്കു മുന്നിൽ, തുറന്നുവച്ച കാലിക്കുപ്പികളായി!
കാർത്തികപ്പള്ളി, മാവേലിക്കര, ചേർത്തല ഭാഗങ്ങളിലെ ചില ഷാപ്പുകൾ ഇന്നലെ തുറന്നെങ്കിലും അല്പനേരത്തിനുള്ളിൽ പൂട്ടി. തുറന്ന ഷാപ്പുകളിൽ ആവശ്യക്കാരുടെ ക്യൂ ഉണ്ടായിരുന്നെങ്കിലും കള്ളു നുണയാൻ ഭാഗ്യം ലഭിച്ചത് വളരെ കുറച്ചുപേർക്ക്.
പാലക്കാട്ട് നിന്ന് ഇന്നലെ ആലപ്പുഴ ജില്ലയിൽ ആകെയെത്തിയത് 3900 ലിറ്റർ കള്ള് മാത്രം. അമ്പലപ്പുഴ താലൂക്കിൽ നിന്നു മാത്രം 125 ഓളം ചെത്തുതൊഴിലാളികൾ പാലക്കാട്ട് ചെത്താൻ പോയിട്ടുണ്ട്.ജില്ലയിലെ 574 ഷാപ്പുകളിൽ ലേലത്തിൽ പോയത് 406 എണ്ണം. ഇതിൽ ഇന്നലെ തുറന്നതാവട്ടെ 94. പാലക്കാട്ടു നിന്ന് കള്ളു കൊണ്ടുവരാൻ പെർമിറ്റ് എടുത്തിട്ടുള്ളത് 50 ഷാപ്പുകൾ മാത്രം.ലഹരിക്ക് മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ കള്ളുഷാപ്പു തുറക്കുന്നത് ഏറെ ഉത്സാഹത്തോടെയാണ് പലരും കണ്ടിരുന്നത്. അവരെയാകെ നിരാശരാക്കിയാണ് ഇന്നലെ ഷാപ്പുകൾ ഉറങ്ങിക്കിടന്നത്.