ആലപ്പുഴ: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.എം. ആരിഫ് എം.പി 50,000 രൂപ കൈമാറി. ലോക്സഭാംഗങ്ങളുടെ സാലറി കട്ടിൽ നിന്നു പ്രതിമാസം 30,000 രൂപ വീതം ഒരു വർഷത്തേക്ക് കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് പുറമെയാണിത്. കളക്ടർ എം. അഞ്ജന ചെക്ക് ഏ​റ്റുവാങ്ങി.

മുൻമന്ത്റി ഗൗരിഅമ്മയുടെ സഹോദരൻ പരേതനായ രാജേന്ദ്രന്റെ ഭാര്യ ശാരദ ഒരു മാസത്തെ ഫാമിലി പെൻഷൻ തുകയായ 37,319 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പണം ഏ​റ്റുവാങ്ങിയ എ.എം. ആരിഫ് എം.പി ജില്ല കളക്ടർക്ക് തുക കൈമാറി. ലൈബ്രറേറിയനായ പട്ടണക്കാട് സ്വദേശി രാധാകൃഷ്ണൻ (1,500 രൂപ), സ്വതന്ത്റ്യ സമര സേനാനി കെ.കെ. ഗംഗാധരൻ (42,000 രൂപ), മുഹമ്മയിലെ ജീവൻ ജ്യോതി കുടുംബശ്രീ യൂണി​റ്റ് (20,000 രൂപ), തുറവൂർ സ്വദേശി പ്രൊഫ. പി. നാരായണൻ കുട്ടി നായർ (50,000 രൂപ), എരമല്ലൂർ സ്വദേശി സി.എൻ. നാസർ (25,596 രൂപ), കൃഷ്ണപുരം സ്വദേശി സജിനി സുകേഷ് (4996 രൂപ) എന്നിവർ കൈമാറിയ തുകയും എം.പി കളക്ടർക്ക് കൈമാറി.


 പിറന്നാൾ ആഘോഷത്തിനുള്ള തുക

നാലാം പിറന്നാൾ ആഘോഷിക്കാനായി വടുതല രജിത്ത് ഭവനിൽ ഐശ്വര്യ രജിത്ത് കരുതിവച്ച 3,000 രൂപ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി തുക ഏ​റ്റുവാങ്ങിയ ആരിഫ് എം.പി കളക്ടർക്ക് കൈമാറി.

പുന്നമട ദൃശ്യ കലാ കായിക വേദിയുടെ വകയായി 10,000രൂപ കൈമാറി. പ്രസിഡന്റ് സി.​ടി. രഞ്ജിത്ത്, സെക്രട്ടറി ദിലീപ് കുമാർ, മുൻ സെക്രട്ടറി എ.പി. സജിത്ത് എന്നിവർ ചേർന്ന് തുക കളക്ടർക്ക് തുക കൈമാറി.