അമ്പലപ്പുഴ: വെള്ളം കയറ്റിയ പാടശേഖരത്തുകൂടി നീന്തി വീട്ടിലെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു.പുറക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻനട ചേക്കേക്കളം വീട്ടിൽ മുരളീധരൻ (69) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെ വീടിനു സമീപം കുഴഞ്ഞു വീണ മുരളീധരനെ ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
പുറക്കാട് മണയ്ക്കൽ പാടശേഖരത്തിനു നടുവിലാണ് മുരളീധരൻറെ വീട്. മകൻറെ വീട്ടിൽ പോയി മടങ്ങിയ മുരളീധരൻ നടവഴി ഇല്ലാത്തതിനാൽ വെള്ളം കയറ്റിയ പാടശേഖരത്തിൽക്കൂടി നീന്തിയെത്തിയതാണ് കുഴഞ്ഞു വീഴുവാൻ കാരണമെന്ന് പറയുന്നു. അടുത്ത വീട്ടിലെ വള്ളത്തിലാണ് മുരളീധരൻ പുറത്തു പോയത്.തിരിച്ചു വന്നപ്പോൾ വളളം ഇല്ലാതിരുന്നതു കൊണ്ടാണ് നീന്തി വീട്ടിലെത്തിയത്. ഭാര്യ: കമലമ്മ. മക്കൾ: അനീഷ്, അജിത. മരുമക്കൾ: അഭിനാഥ്, ലേതു.