ആലപ്പുഴ: കൊവിഡ് ബാധയെ തുടർന്ന് ജില്ലയിലെ റേഷൻകടകൾ വഴി വിതരണം ചെയ്ത ഭക്ഷ്യധാന്യ കിറ്റുകളിൽ സാധനങ്ങളുടെ തൂക്കത്തിൽ കുറവുണ്ടായതായി പരാതി. കാർത്തികപ്പള്ളി താലൂക്കിലെ ചെറുതന, വീയപുരം പഞ്ചായത്തുകളിലെ റേഷൻ കാർഡ് ഉടമകളും കടഉടമകളും സപ്ളെകോയിൽ രേഖാമൂലം നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ചെറുതന പഞ്ചായത്തിലേയ്ക്ക് ചെറുതന മാവേലിസ്റ്റോറിലും വീയപുരം പഞ്ചായത്തിൽ വീയപുരം സൂപ്പർ മാർക്കറ്റിലുമാണ് കിറ്റുകൾ നിറച്ചത്. തുണിസഞ്ചി ഉൾപ്പെടെ 18ഇനങ്ങൾക്ക് 10.700 കിലോഗ്രാമിന് മേൽ തൂക്കം ഓരോ കിറ്റിലും ഉണ്ടാകണമെന്നാണ് സർക്കാർ നിർദേശം. ഇവിടെ നിന്നും വിതരണം ചെയ്ത കിറ്റുകൾക്ക് 10.300കിലോഗ്രാമിന് താഴെ തൂക്കമേ ഉള്ളൂ. 22രൂപ വീതം വില വരുന്ന രണ്ട് വാഷിംഗ് സോപ്പും നൽകണമെന്നാണ് നിർദേശം. എന്നാൽ വിതരണം ചെയ്ത കിറ്റുകളിൽ 10രൂപ വിലവരുന്ന രണ്ട് സോപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പഞ്ചസാര, ഉഴുന്ന് കടല ഇനങ്ങളിലാണ് തൂക്കത്തിൽ കുറവ് വന്നിട്ടുണ്ടെന്ന കാർഡു ഉടമകളുടെ പരാതി പരിശോധിച്ചു വരുന്നതായി അറിയുന്നു. അളവ് തൂക്ക വിഭാഗം നടത്തിയ അന്വേഷണത്തിൽ തൂക്കത്തിലെ കുറവ് കണ്ടെത്തിയിരുന്നു.
''പരാതി ലഭിച്ചാൽ വകുപ്പ് തലത്തിലുള്ള അന്വേഷണം നടത്തും
താലൂക്ക് സപ്ളൈഓഫീസ് അധികൃതർ
"പഞ്ചസാര, ഉഴുന്ന് കടല ഇനങ്ങളിലാണ് തൂക്കത്തിൽ കുറവുണ്ട്.
കാർഡ് ഉടമകൾ