ആലപ്പുഴ:കണ്ണുരുട്ടി വിരട്ടി മഴക്കാറ് നിന്നെങ്കിലും മഴയെത്തും മുമ്പെ കുട്ടനാടൻ പാടങ്ങളിലെ കൊയ്ത്ത് പൂർത്തിയാവുന്നു. ഇനി നാമമാത്രമായ സ്ഥലങ്ങളിൽ മാത്രമാണ് കൊയ്ത്ത് തീരാനുള്ളത്.ചില സ്ഥലത്ത് നെല്ലെടുപ്പ് പൂർത്തിയാക്കാനുണ്ട്.

ഓണാട്ടുകര മേഖലയിൽപ്പെടുന്ന ചുനക്കര, തഴക്കര,മാവേലിക്കര ഭാഗങ്ങളിലാണ് അല്പമെങ്കിലും കൊയ്ത്ത് ശേഷിക്കുന്നത്. ആലപ്പുഴ നഗരത്തോട് തൊട്ടു കിടക്കുന്ന 80 ഏക്കർ വരുന്ന കരുവേലിപ്പാടത്ത് കൊയ്ത്ത് കഴിഞ്ഞെങ്കിലും നെല്ലെടുപ്പ് വൈകിയത് കർഷകർക്ക് അല്പം അമ്പരപ്പുണ്ടാക്കി.

നെല്ലിൽ പതിരും ഈർപ്പവും കൂടുതലെന്ന് പറഞ്ഞാണ് കർഷകരെ സമ്മർദ്ദത്തിലാക്കാൻ മില്ലുകാർ ശ്രമിച്ചത്.ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് കൊയ്ത്തിന്റെ വേഗത്തിന് തടയിട്ടത്. വേണ്ടത്ര കൊയ്ത്ത് യന്ത്രങ്ങൾ ആദ്യ ഘട്ടത്തിൽ എത്തിയില്ല. എന്നാൽ പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ ഫലപ്രദമായ ഇടപെടൽ കാരണം കോട്ടയം, പത്തനതിട്ട ജില്ലകളിൽ നിന്ന് യന്ത്രങ്ങൾ എത്തിച്ചു.

കൊയ്തെടുത്ത നെല്ല് കൊണ്ടുപോകാനും തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു.ജില്ല കടന്നുവരാൻ ലോറികൾക്ക് അനുമതി കിട്ടാഞ്ഞതാണ് കാരണം. എന്നാൽ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടതോടെ തടസം നീങ്ങി. മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, വി.എസ്.സുനിൽകുമാർ തുടങ്ങിയവർ യഥാ സമയം അവലോകന യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ ചർച്ചചെയ്തു. ലോറി ഡ്രൈവർമാർക്ക് പാസ് അട്ടകം വേണ്ട സഹായം നൽകാൻ ജില്ലാ കളക്ടർ എം. അഞ്ജന മുൻകൈ എടുത്തു.

സംഭരിച്ച നെല്ലിന്റെ പണവിതരണവും ആരംഭിച്ചു.

മേയ് 13 വരെ സിവിൽ സപ്ളൈസ് കോർപ്പറേഷൻ സംഭരിച്ച നെല്ല് :1,32,000 മെട്രിക് ടൺ

2000 : ഇനി മെട്രിക് ടൺകൂടി സംഭരിക്കാനാവുമെന്നാണ് പ്രതീക്ഷ.

ഈർപ്പവും പതിരും


വിതയും കൊയ്ത്തും അല്പം താമസിച്ചതിനാൽ പല നിലങ്ങളിലെയും നെല്ലിന് സിവിൽ സപ്ളൈസ് കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള ഗുണനിലാവരമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ക്വിന്റൽ നെല്ലിന് 64.5 കിലോ അരിയാണ് മില്ലുകാർ നൽകേണ്ടത്. അങ്കമാലിയിൽ നിന്നുള്ള 35 മില്ലുകളാണ് പ്രധാനമായും നെല്ലെടുക്കാൻ എത്തിയത്. ചമ്പക്കുളത്തെയും കോട്ടയത്തെയും ഓരോ മില്ലുകളും.ഈർപ്പത്തിന്റെയും പതിരിന്റെയും പേരുപറഞ്ഞ് നെല്ലെടുക്കാൻ ചില മില്ലുകാർ വിമുഖത കാട്ടിയതായി കർഷകർക്ക് പരാതിയുണ്ട്.നെല്ലിന്റെ തൂക്കത്തിൽ കുറവ് വരുത്താനുള്ള അടവാണ് ഇതെന്നാണ് കർഷകർ പറയുന്നത്. കൂടുതൽ ദിവസം കിടന്നാൽ നെല്ല് ചീത്തയാവുമെന്നതിനാൽ മില്ലുകാരുടെ സമ്മർദ്ദത്തിൽ കർഷകർ കുടുങ്ങുകയും ചെയ്യും.