ആലപ്പുഴ : വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ ക്ളാസുമായി സ്വന്തം വീട്ടിലെ ടെലിവിഷനിൽ തെളിഞ്ഞപ്പോൾ അദ്ധ്യാപകർക്ക് മുന്നിൽ പരിശീലനത്തിന്റെ പുതിയ അദ്ധ്യായം തുറന്നു. വലിയ ഹാളുകളിൽ കൂട്ടത്തോടെ ഇരുന്ന് ക്ളാസുകൾ കേട്ടിരുന്ന കാലത്തിന് താൽക്കാലിക വിട.
പ്രൈമറി സ്കൂൾ അദ്ധ്യാപകർക്ക് ഇന്നലെ മുതൽ ആരംഭിച്ച ഓൺലൈൻ പരിശീലനമാണ് വേറിട്ട അനുഭവമായത്. തികച്ചും ഗൃഹാന്തരീക്ഷത്തിൽ സ്വസ്ഥമായിരുന്ന് കേൾവിക്കാരാകാം എന്നത് അദ്ധ്യപകർക്ക് ഏറെ സന്തോഷം പകർന്നു. 'ക്ലാസ് മുറിയിലെ അദ്ധ്യാപകർ" എന്ന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥിന്റെ ക്ലാസോടെയാണ് പരിശീലന പരിപാടിക്ക് തുടക്കമായത്. തുടർന്ന് 'സ്കൂൾ സുരക്ഷ"യിൽ മുരളി തുമ്മാരുകുടിയും, ശുചിത്വവും രോഗപ്രതിരോധവും എന്ന വിഷയത്തിൽ ഡോ.ബി.ഇക്ബാലും ക്ലാസുകൾ നയിച്ചു. വിക്ടേഴ്സ് ചാനൽ വഴിയാണ് പരിശീലന ക്ലാസിൽ അദ്ധ്യാപകർ പങ്കാളികളായത്. കൈറ്റിന്റെ മൊബൈൽ ആപ്ലിക്കേഷനിലും യൂട്യൂബിലും ക്ലാസുകൾ ലഭ്യമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക തടസം മൂലം പലർക്കും ലഭ്യമാകാതിരുന്നത് വിമശനത്തിനിടയാക്കി.
ക്ലാസ് മുറിയിൽ പാഠപുസ്തകത്തിന്റെ സ്ഥാനം, അദ്ധ്യാപകന്റെ സമീപനം വിദ്യാർത്ഥികളിൽ വരുത്തുന്ന മാറ്റങ്ങൾ, അദ്ധ്യാപകരിൽ വായനയുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ മന്ത്രി രസകരമായി അവതരിപ്പിച്ചു. ക്ലാസുകളെ കുറിച്ചുള്ള പ്രതികരണം അദ്ധ്യാപകർ സമഗ്ര പോർട്ടലിൽ രേഖപ്പെടുത്തും. ക്ലാസിൽ പങ്കാളികളായ അദ്ധ്യാപകരുടെ ഹാജർ നില അതത് സ്കൂൾ ഹെഡ്മാസ്റ്റർമാർ പോർട്ടലിൽ രേഖപ്പെടുത്തണം. എല്ലാ ദിവസവും ഹാജർ നില ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് കൈമാറുകയും വേണം. 19 വരെയാണ് പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനം.
അണിയറയിൽ ഒരുക്കം
ജൂൺ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിക്കുന്ന ഓൺലൈൻ ക്ലാസിനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുകയാണ്. മൊബൈൽ, ഇന്റർനെറ്റ്, ടി വി സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കുള്ള വർക്ക്ഷീറ്റുകൾ വീടുകളിൽ എത്തിച്ചുനൽകും.
................
"മുന്നിലിരിക്കുന്ന കുട്ടിയിൽ അനുഭവങ്ങളുടെ വൈവിദ്ധ്യമുണ്ടെന്ന തിരിച്ചറിവ് അദ്ധ്യാപകനുണ്ടാവണം. അദ്ധ്യാപകർ ഒരിക്കലെങ്കിലും കുട്ടിയുടെ വീട്ടിലെത്താൻ ശ്രമിക്കണം. ആധുനിക വിദ്യാഭ്യാസത്തിന്റെ അടിത്തറ ബൗദ്ധിക വികാസത്തിലാണ്. അദ്ധ്യാപകൻ സ്വയം മാതൃകയാവണം. പ്രതിരോധം താത്ക്കാലിക രക്ഷപെടലല്ല; അത് സംസ്ക്കാരത്തിന്റെ ഭാഗമാവണം.'' -
സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ മന്ത്രി
''എങ്ങനെയായിരിക്കണം ഒരു അദ്ധ്യാപകൻ എന്നതിന് ക്ലാസ് മാത്രമല്ല, മന്ത്രി തന്നെ മാതൃകയായി. തികച്ചും ശാന്തമായി, വീടിന്റെ സൗകര്യങ്ങളിൽ ചൂടിന്റെ കാഠിന്യമേൽക്കാതെ ലഭിച്ച പരിശീലനം പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞു''
- ജെയിംസ് ആന്റണി,അദ്ധ്യാപകൻ, ഗവ എൽ.പി സ്കൂൾ, കടക്കരപ്പള്ളി