ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപക ദിനമായ ഇന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശത്തെ തുടർന്ന് ശുചിത്വബോധവത്കരണ ദിനമായി ആചരിക്കും. ജില്ലയിലെ യൂണിയൻ, ശാഖ ഓഫീസുകളിലും ഭവനങ്ങളിലും ചെരാതുകളിൽ ഐക്യദീപം തെളിക്കും. യോഗത്തിന്റെ 117 ാമത് വാർഷികത്തോടനുബന്ധിച്ച് 117 ചിരാതുകളിലാണ് ദീപം തെളിക്കുക. കൊവിഡ് മാനദണ്ഡം പാലിച്ച് അഞ്ചിൽ കൂടുതൽ അംഗങ്ങൾ പങ്കെടുക്കാത്ത ചടങ്ങാണ് ഓരോ യൂണിയനിലും ശാഖയിലും സംഘടിപ്പിക്കുക.

മാന്നാർ യൂണിയനിൽ

മാന്നാർ യൂണിയനിലെ 28 ശാഖായോഗങ്ങളിലെ 3500 ഓളം കുടുംബങ്ങളിലും, ശാഖാ ഗുരുക്ഷേത്രങ്ങളിലും, ഓഫീസുകളിലുമായി ഇന്ന് കാൽ ലക്ഷത്തോളം ഐക്യദീപം തെളിക്കും. രാവിലെ 9.30ന് യൂണിയൻ ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഡോ.എം.പി വിജയകുമാർ പീത പതാക ഉയർത്തും. വൈകിട്ട് 5 ന് മാന്നാർ വിളയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും തെളിക്കുന്ന ദീപം യൂണിയൻ ഓഫീസിലെ യോഗം ജന്മദിന ചെരാതിലേക്ക് യൂണിയൻ ചെയർമാൻ പകരും. കൺവീനർ ജയലാൽ എസ്. പടീത്ര ജന്മദിന സന്ദേശം നൽകും. കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല , നുന്നു പ്രകാശ്, ഹരിപാലമൂട്ടിൽ, ഹരിലാൽ ഉളുന്തി എന്നിവർ സംസാരിക്കും.

അമ്പലപ്പുഴ യൂണിയനിൽ

യൂണിയനിലെ 60 ശാഖകളിലെ മുഴുവൻ വീ‌ടുകളിലും പ്രാർത്ഥനയും ദീപം തെളിക്കലും നടക്കും.കൗൺസിൽ അംഗങ്ങൾ, യൂത്ത്മൂവ്മെന്റ്, വനിതാസംഘം,കുടുംബയൂണിറ്റ് പ്രവർത്തകർ എന്നിവർ സാമൂഹ്യ അകലം പാലിച്ച് ദീപം തെളിക്കുമെന്ന് പ്രസിഡന്റ് പി.ഹരിദാസ് അറിയിച്ചു.

 കണിച്ചുകുളങ്ങര യൂണിയനിൽ

യൂണിയനിലെ മുഴുവൻ ശാഖകളിലും വീടുകളിലും ദീപം തെളിയ്ക്കും. പ്രസിഡന്റ് വി.എം.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ, സെക്രട്ടറി കെ.കെ.മഹേശൻ, യോഗം കൗൺസിലർ പി.എസ്.എൻ.ബാബു എന്നിവർ നേതൃത്വം നൽകും.

ചേർത്തല യൂണിയനിൽ

ചേർത്തല യൂണിയനിൽ സ്ഥാപക ദിനാഘോഷത്തിന് പ്രസിഡന്റ് കെ.വി.സാബുലാൽ, വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ, സെക്രട്ടറി വി.എൻ.ബാബു, യോഗം കൗൺസിലർ പി.ടി.മന്മഥൻ എന്നിവർ നേതൃത്വം നൽകും.

 ടി.കെ.മാധവൻ സ്മാരക

മാവേലിക്കര യൂണിയനിൽ

ശുചിത്വ ബോധവത്കരണ ദിനമായി ആചരിച്ച് ശുദ്ധിപഞ്ചക മഹാദീപം തെളിയിക്കും. യൂണിയനിലെ 50 ശാഖായോഗങ്ങളിൽ കുടുംബങ്ങളിലും, ശാഖാ ഗുരുക്ഷേത്രങ്ങളിലും, ഓഫീസുകളിലും ഒരു ലക്ഷത്തോളം കൊവിഡ് പ്രതിരോധ ഐക്യദാർഡ്യദീപം തെളിയും. രാവിലെ 9.30ന് യൂണിയൻ ഓഫീസിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി പീത പതാക ഉയർത്തും. രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്രാ, സുരേഷ് പള്ളിക്കൽ, വിനു ധർമ്മരാജൻ തുടങ്ങിയവർ നേതൃത്വം നൽകും.

 ചേപ്പാട് യൂണിയനിൽ

യൂണിയനിലെ 52 ശാഖകളിലും ദീപം തെളിക്കും. മികച്ച തരത്തിൽ ദീപം തെളിക്കുന്ന ശാഖ, ഭവനം, ക്ഷേത്രം എന്നിവയ്ക്ക് പ്രത്യേക അവാർഡ് നൽകും. നങ്ങ്യാർകുളങ്ങര പൊതുവെയിറ്റിംഗ് ഷെഡ് ശുചീകരിക്കും. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ, വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, സെക്രട്ടറി എൻ.അശോകൻ, യോഗം ബോർഡ് മെമ്പർമാരായ ഡി.ധർമ്മരാജൻ, എം.കെ.ശ്രീനിവാസൻ,യൂണിയൻ കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകും.

കാർത്തികപ്പള്ളി യൂണിയനിൽ

യൂണിയൻ ആസ്ഥാനത്തും ശാഖകളിലും വീ‌ടുകളിലും ദീപം തെളിക്കും. യൂണിയൻ ആസ്ഥാനത്ത് ആദ്യ ദീപം പ്രസിഡന്റ് കെ.അശോകപണിക്കർ ചെരാതിൽ പകരും. വൈസ് പ്രസിഡന്റ് എം.സോമൻ, സെക്രട്ടറി രാജേഷ് ചന്ദ്രൻ, യോഗം ബോർഡ് അംഗങ്ങളായ പ്രൊഫ. സി.എം.ലോഹിതൻ, സി.സുഭാഷ്, ഡോ. ബി.സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.

കായംകുളം യൂണിയനിൽ

യൂണിയൻ ആസ്ഥാനത്തും ശാഖകളിലും വീ‌ടുകളിലും ദീപം തെളിക്കും. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, വൈസ് പ്രസിഡന്റ് കോലത്ത് ബാബു, സെക്രട്ടറി പി..പ്രദീപ് ലാൽ, ബോർഡ് അംഗങ്ങളായ അഡ്വ. എസ്. ധനപാലൻ, എ.പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകും.

 ചാരൂംമൂട് യൂണിയനിൽ

യൂണിയൻ ആസ്ഥാനത്ത് രാവിലെ 9ന് പതാക ഉയർത്തും. 38 ശാഖകളുടെ നേതൃത്വത്തിൽ വീടുകളിൽ ദീപം തെളിയ്ക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജയകുമാർ പാറപ്പുറം, വൈസ് ചെയർമാൻ രഞ്ജിത്ത് രവി, കൺവീനർ ബി. സത്യപാൽ, കമ്മിറ്റി അംഗങ്ങളായ ചന്ദ്രബോസ്, അഭിലാഷ് വള്ളികുന്നം എന്നിവർ നേതൃത്വം നൽകും.

 കുട്ടനാട് യൂണിയനിൽ

കുട്ടനാട് യൂണിയനിലെ എല്ലാ ശാഖകളിലും, ഭവനങ്ങളിലും വൈകിട്ട് 6 ന് ഐക്യദാർഢ്യദീപം തെളിക്കും. മങ്കൊമ്പിൽ യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ചെരാതിൽ ദീപം പകരും, കൺവിനർ സന്തോഷ് ശാന്തി, അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ് ,അഡ്വ. എസ്.അജേഷ് കുമാർ, എം.പി. പ്രമോദ് ,ടി.എസ്. പ്രദീപ് കുമാർ, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ് എന്നിവർ വിവിധ സ്ഥലങ്ങളിൽ ദീപം തെളിക്കും

കുട്ടനാട് സൗത്ത് യൂണിയനിൽ

യൂണിയനിലെ 40 -ശാഖാ യോഗങ്ങളിലെ 7000 ഓളം കുടുംബങ്ങളിലും, ശാഖാ ഗുരുക്ഷേത്രങ്ങളിലും, ഓഫീസുകളിലും കാൽ ലക്ഷത്തോളം ഐക്യദാർഡ്യ ദീപം തെളിയും. രാവിലെ 9.30ന് യൂണിയൻ ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജെ .സദാനന്ദൻ പീതപതാക ഉയർത്തും.

കൺവീനർ അഡ്വ.പി.സുപ്രമോദം ജന്മദിന സന്ദേശം നൽകും വൈസ് ചെയർമാൻ എൻ.മോഹൻദാസ്, ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, കമ്മിറ്റി അംഗം വി. പി. സുജീന്ദ്ര ബാബു എന്നിവർ പങ്കെടുക്കും.