ph

കായംകുളം: കൊവിഡ് കാലത്ത് ഒഴിപ്പിച്ച കായംകുളത്തെ അനധികൃത തട്ടുകടകൾ വീണ്ടും സ്ഥാപിക്കാൻ ശ്രമം. യൂണി​യൻ നേതാക്കളുടെ പി​ന്തുണയോടെയാണി​തെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ മെയിൻ റോഡിൽ തട്ടുകടകൾ പുന സ്ഥാപി​ച്ചെങ്കി​ലും പൊലീസ് നീക്കം ചെയ്തു.

കഴിഞ്ഞ മാസമാണ് നഗരത്തിലെ ഗാതാഗതക്കുരുക്കിന് കാരണമായ തട്ടുകടകൾ നീക്കം ചെയ്തത്. പിന്നീട് കായംകുളത്ത് എത്തിയ മന്ത്രി ജി. സുധാകരൻ റോഡ് കൈയ്യേറിയുള്ള കച്ചവടം അനുവദിക്കി​ല്ലെന്ന് വ്യക്തമാക്കി​യി​രുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും റോഡ് കൈയ്യേറി കടകൾ സ്ഥാപിക്കാൻ നീക്കം.

കടുത്ത ഗതാഗതക്കുരുക്കിലാണ് നഗരം. ആവശ്യത്തിന് റോഡുകൾ ഇല്ലാത്തതും റോഡുകളുടെ വീതിക്കുറവും മൂലം നഗരത്തിൽ ഒച്ചിഴയുന്നതുപോലെയാണ് ഗതാഗതം. ഇതിനെ പുറമേയാണ് ഗതാഗതം തടസപ്പെടുത്തി തട്ടുകടകൾ കൂടെ വന്നത്. ഇതോടെ നഗരം ശരിക്കും ഗതാഗതക്കുരുക്കിൽ അമരുകയായിരുന്നു.

മെയിൻ റോഡ്, ബാങ്ക് റോഡ്, കോടതി റോഡ്, ടി.ബി റോഡ് എന്നിവിടങ്ങളിലെല്ലാം തട്ടുകടകൾ സ്ഥാനം പിടിച്ചു. രാഷ്ടീയ പിന്തുണയോടെയാണ് കൈയ്യേറ്റങ്ങളെന്നാണ് ആരോപണം. ചില രാഷ്ട്രീയ നേതാക്കൾ തട്ടുകടകൾ സ്ഥാപിച്ച് അത് ദിവസ വാടകയ്ക്ക് കൊടുക്കുന്ന രീതി​യുമുണ്ടത്രെ. ഭരണ കക്ഷിയിലെ മറ്റൊരു പ്രബല കക്ഷി ലോക്ക് ഡൗൺ കഴിഞ്ഞാൽ തട്ടുകടകൾ അനുവദിക്കാമെന്ന ഉറപ്പും നൽകിക്കഴിഞ്ഞിട്ടുണ്ടെന്ന് വി​വരമുണ്ട്.