അരൂർ: ദേശീയപാതയിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ എരമല്ലൂരിൽ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയാകുന്നു. ലോക്ക് ഡൗൺ ആരംഭിച്ച ദിനം മുതൽ എരമല്ലൂരിലെ ട്രാഫിക്ക് ലൈറ്റുകൾ ഒഫ് ചെയ്തിരിക്കുകയാണ്. വാഹനങ്ങൾ നിരത്തിലിറങ്ങാത്ത സാഹചര്യത്തിലാണ് സിഗ്നൽ ലൈറ്റുകൾ ഒഫ് ചെയ്തത്. എന്നാൽ, പിന്നീട് ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയതോടെ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങി. പൊതുഗതാഗത സംവിധാനത്തിന്റെ അഭാവത്തിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ റോഡിൽ തിരക്ക് വർദ്ധിച്ചു. സിഗ്നൽ ലൈറ്റുകൾ ഓഫാക്കിയിട്ടിരിക്കുന്നതുമൂലം ദേശീയ പാത സുരക്ഷിതമായി മുറിച്ചു കടക്കാൻ കാൽനട യാത്രക്കാർക്കു പോലും ബുദ്ധിമുട്ടുകയാണ്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതിനാൽ അമിത വേഗത്തിലാണ് വാഹനങ്ങൾ ജംഗ്ഷനിലൂടെ ചീറിപ്പായുന്നത്. തലനാരിഴയ്ക്കാണ് പലരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. എരമല്ലൂർ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ് എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി കുമാരൻ, സെക്രട്ടറി റെജി റാഫേൽ എന്നിവർ ആവശ്യപ്പെട്ടു