ആലപ്പുഴ: ലോക്ക് ഡൗണിലായിരിക്കുകയാണ് ഇവിടെ രണ്ട് കുടിവെള്ള പദ്ധതികൾ. പറയുന്നത് കുട്ടനാട്, ചെങ്ങന്നൂർ കുടിവെള്ള പദ്ധതികളെക്കുറിച്ചാണ്. എന്നാൽ ഇവിടെ വില്ലൻ കൊവിഡ് അല്ല. കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിന് സംവിധാനമില്ലാത്തതാണ് പ്രശ്നം.
കിഫ്ബിയിൽ നിന്ന് കുട്ടനാട് പദ്ധതിക്ക് 290കോടിയും ചെങ്ങന്നൂരിന് 230കോടിരൂപയുമാണ് അനുവദിച്ചത്. പമ്പയാറ്റിൽ നിന്ന് വെള്ളം ശേഖരിച്ച് നിലവിലുള്ള നീരേറ്റുപുറം ശുദ്ധജല ട്രീറ്റ്മെന്റ് പ്ളാന്റിന് സമീപം മറ്റൊരു പ്ളാന്റുകൂടി സ്ഥാപിക്കാനായിരുന്നു പദ്ധതി. പദ്ധതി പൂർത്തീകരിക്കുന്നതോടെ കുട്ടനാട് താലൂക്കിലെ 13പഞ്ചായത്തുകളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പൂർണമായും ഇല്ലാതാകും. തോമസ് ചാണ്ടി എം.എൽ.എ മുൻകൈയ്യെടുത്താണ് അധിക പ്ളാന്റ് നീരേറ്റു പുറത്ത് സ്ഥാപിക്കാൻ പദ്ധതി അനുമതി വാങ്ങിയത്.
നെടുമുടിയിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറും രണ്ട് അസി.എൻജിനിയർമാരും ഉൾപ്പെടുന്ന ഓഫീസ് ഉണ്ടായിരുന്നു. ഓഫീസിന്റെ പ്രവർത്തനം ഇപ്പോൾ മന്ദഗതിയിലാണ്. ഓഫീസ് പലപ്പോഴും തുറക്കാറില്ലെന്നാണ് ജനപ്രതിനിധികളുടെ ആക്ഷേപം. നീരേറ്റുപുറത്ത് പുതിയ പ്ളാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ മുഴുവൻ പഞ്ചായത്തുകളിലും കേന്ദ്രീകൃത ടാങ്കുകൾ സ്ഥാപിച്ച് എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുകയാണ് പദ്ധതി.
വെള്ളപ്പൊക്കത്തിലും വേനലിലും കുട്ടനാട് നേരിടുന്ന കുടിവെള്ള ക്ഷാമം ഇതോടെ ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ്.
എവിടെ കുട്ടനാട് ഡിവിഷൻ ?
നിലവിൽ ജില്ലയിൽ 1500കോടി രൂപയുടെ വിവിധ ശുദ്ധജല വിതരണ പദ്ധതികളുടെ ജോലികൾ നടക്കുന്നതിനാൽ കുട്ടനാട് ചെങ്ങന്നൂർ പദ്ധതികൾ വേഗത്തിലാക്കാൻ കുട്ടനാട് കേന്ദ്രീകരിച്ച് ഒരു ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ഹരിപ്പാട്, നഗരസഭയുടെ അമൃത് പദ്ധതി,ചേർത്തല, മാരാരിക്കുളം തുടങ്ങിയ വലിയ പദ്ധതികളാണ് നിർവഹണ വിഭാഗത്തിന്റെ കീഴിൽ നടക്കുന്നത്. കാലതാമസം ഒഴിവാക്കുന്നതിനാണ് പുതിയ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. 2021 ജനുവരിക്കു മുമ്പ് ഇരുപദ്ധതികളുടെയും ആദ്യഘട്ടം പൂർത്തീകരിക്കണമെന്ന് മന്ത്രി തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. പദ്ധതി നടത്തിപ്പിന് വേണ്ട സ്ഥലം തോമസ് ചാണ്ടി നൽകിയിരുന്നു. ചാണ്ടിയുടെ മരണത്തോടെ പദ്ധതിയുടെ തുടർ പ്രവർത്തനം ഇപ്പോൾ നിശ്ചലമായ അവസ്ഥയിലാണ്.
കുട്ടനാട്ടുകാർ മടുത്തു
വെള്ളത്താൽ ചുറ്റപ്പെട്ട് കിടന്നാലും കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ശുദ്ധ ജലം കിട്ടാത്ത അവസ്ഥയാണ് നേരിടുന്നത്. വെള്ളത്തിന് വേണ്ടി ക്യൂ നിന്നും പൈസ ചെലവാക്കിയും കുട്ടനാടൻ ജനത മടുത്തു എന്നതാണ് വാസ്തവം. കുടിവെള്ള ക്ഷാമത്തിന് പരിഹാര മാർഗം കാണുകയാണ് വാട്ടർ അതോറിട്ടി കുട്ടനാട്ടിൽ. ആറുകളിലും കായലുകളിലും ഉപ്പുവെള്ളം എത്തിയതോടെ കുടിക്കാനും കുളിക്കാനും പാത്രം കഴുകാനും ആറുകളിലെ വെള്ളം എടുക്കാൻ പറ്റാത്ത അവസ്ഥയാണ്.
എന്തായാലും വേണം കുടിവെള്ളം
വാട്ടർ അതോറിറ്റിയിൽ നിന്ന് ലഭ്യമാകുന്ന വെള്ളത്തെ ആശ്രയിച്ചാണ് കുട്ടനാട്ടുകാർ മുമ്പോട്ട് പോകുന്നത്. ജല വിതരണം മുടങ്ങിയാലും ശുദ്ധജല ക്ഷാമം രൂക്ഷമാകും. കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്നും പുതിയ പദ്ധതികളുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
....................................
അരനൂറ്റാണ്ടുകാലമായി കുട്ടനാട്ടുകാരെ കുടിവെള്ള പദ്ധതികളുടെ പേര് പറഞ്ഞ് കബളിപ്പിക്കുകയാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി കുട്ടനാട് കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. ഒന്നുകിൽ പദ്ധതി നടപ്പാക്കണം അല്ലെങ്കിൽ ഉപേക്ഷിക്കണം
ജോർജ് മാത്യു , ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ്
.....................
290
കിഫ്ബിയിൽ നിന്ന് കുട്ടനാട് പദ്ധതിക്ക് 290കോടിരൂപ
230
ചെങ്ങന്നൂർ പദ്ധതിക്ക് കിഫ്ബി വിഹിതം 230കോടിരൂപ
...................................