ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കൽ തീര സംരക്ഷണത്തിനായി 40 ലക്ഷം രൂപ അനുവദിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇവിടെ നിലവിൽ കടൽഭിത്തി ഇല്ലാത്ത പ്രദേശമാണ്. അതിനാൽ രൂക്ഷമായ കടലാക്രമണം ആണ് ഈ പ്രദേശത്തുകാർ അനുഭവിക്കുന്നത്. മണൽ നിറച്ച അവ തീരത്ത് വലിയ പ്ലാസ്റ്റിക് ചാക്കുകൾ അടുക്കിയാണ് കടലാക്രമണത്തെ ചെറുക്കുന്നത്. എന്നാൽ ഇത്തവണ ഇത്തരം വലിയ ചാക്കുകൾ ലഭിക്കാൻ തീരദേശവാസികൾ ബുദ്ധിമുട്ടുകയാണ്. ഇത്തരത്തിൽ ചാക്കിൽ മണൽ നിറച്ച് തീരം ശക്തിപ്പെടുത്താനാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ചെന്നിത്തല അറിയിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ, ഇറിഗേഷൻ ഉദ്യോഗസ്ഥന്മാർ എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പണം അനുവദിച്ചതെന്നും ഇത് ടെൻഡർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.