വിവാഹം തടഞ്ഞത് നാലാം ഭാര്യ
ഹരിപ്പാട്: അഞ്ചാം വിവാഹത്തിനെത്തിയ അമ്പതുകാരൻ നാലാം ഭാര്യയുടെ ഇടപെടലിൽ കുടുങ്ങി. കൊല്ലം ഉമയനല്ലൂർ കിളിത്തട്ടിൽ ഹൗസിൽ മുഹമ്മദ് റഷീദാണ് (50) കരീലക്കുളങ്ങര പൊലീസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:സിവിൽ സപ്ലൈസ് ലോറി ഡ്രൈവറായി കരീലക്കുളങ്ങരയിലെത്തിയ മുഹമ്മദ് റഷീദ് ചിങ്ങോലി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ലോറി സ്വന്തമാണെന്നും റിയൽ എസ്റ്റേറ്റും മറ്റ് ബിസിനസുകളും നടത്തുന്നുണ്ടെന്നും വധുവിന്റെ വീട്ടുകാരെ പറഞ്ഞു ധരിപ്പിച്ചു. കഴിഞ്ഞ ദിവസം വിവാഹത്തിന് തയ്യാറായി ചിങ്ങോലിയിലെ വധുവിന്റെ വീട്ടിൽ ഇയാളെത്തി. ഈ സമയം ഇയാളുടെ ചാവക്കാട് സ്വദേശിനിയായ നാലാം ഭാര്യയും ഇവിടെയെത്തിയതോടെ വിവാഹ വീട്ടിൽ ബഹളവും തർക്കവുമായി. ഒടുവിൽ കരീലക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി വിവാഹത്തട്ടിപ്പ് വീരനെ കസ്റ്റഡിയിലെടുത്തു. ഒന്നര വർഷം മുമ്പാണ് ഇയാൾ നാലാം വിവാഹം ചെയ്തത്. ഇവരിൽ നിന്നും എട്ടു പവൻ സ്വർണവും 70,000 രൂപയും തട്ടിയെടുത്തു. കരീലക്കുളങ്ങര എസ്. ഐ സഞ്ജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ വടക്കേക്കാട് പൊലീസിന് കൈമാറി.
കൊട്ടിയത്ത് തുടങ്ങി, ചിങ്ങോലിയിൽ പാളി
ആദ്യം കൊട്ടിയത്ത് നിന്ന് വിവാഹം. പിന്നെ പെരിന്തൽമണ്ണ, കോഴിക്കോട് , ചാവക്കാട് എന്നിവിടങ്ങളിലും. അമ്പതു വയസിനുള്ളിൽ നാലു വിവാഹങ്ങൾ നടത്തുന്നതിന് മുഹമ്മദ് റഷീദിന് വലിയ പ്രയാസങ്ങളുണ്ടായില്ല. എന്നാൽ അഞ്ചാം വിവാഹശ്രമം പാളി.
വാഹനമുണ്ടെന്നും ബിസിനസുകളുണ്ടെന്നും പറഞ്ഞാണ് എല്ലായിടങ്ങളിലും കബളിപ്പിക്കൽ നടത്തിയത്. എല്ലാ വിവാഹങ്ങളുമായി ബന്ധപ്പട്ടും ഇയാളുടെ പേരിൽ കേസുകളുണ്ട്. വിവാഹം കഴിഞ്ഞ് മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കി ഓരോ ഭാര്യമാരെയും ഒഴിവാക്കുകയായിരുന്നു.