ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗത്തിന്റെ 117ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ചെങ്ങന്നൂർ യൂണിയന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിർദ്ധനർക്കുള്ള ധനസഹായ വിതരണവും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയന്റെ പരിധിയിൽ വരുന്ന 47 ശാഖായോഗങ്ങൾക്കും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരമുള്ള ആദ്യഘട്ട ധനസഹായമാണ് ഇന്ന് വിതരണം ചെയ്യുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശാഖകൾക്കുള്ള ധനസഹായ വിതരണം യൂണിയൻ ഭാരവാഹികൾ 16ന് ശാഖാ കേന്ദ്രങ്ങളിൽ നിർവഹിക്കുമെന്ന് യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ്, വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം എൻ. വിനയചന്ദ്രൻ എന്നിവർ അറിയിച്ചു.