വള്ളികുന്നം: തയ്യൽ കേന്ദ്രത്തിൽ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ കട ഉടമയ്ക്കു വെട്ടേറ്റു. വള്ളികുന്നം അജയ വിലാസത്തിൽ അനിരുദ്ധനാണ് (50) വെട്ടേറ്റത്. സ്കൂൾ യൂണിഫോമും മാസ്ക്കും തയ്ക്കുന്നതിനു സഹായത്തിനെത്തിയ വള്ളികുന്നം കൊച്ചിലയ്ക്ക വിളയിൽ ബാബുവിനും (50) മർദനമേറ്റു. ഇന്നലെ വൈകിട്ട് 6.30ന് വള്ളികുന്നം സംസ്കൃത ഹൈസ്കൂളിനു സമീപം പ്രവർത്തിക്കുന്ന സരോജ് ഗാർമെൻസിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം അസഭ്യം പറഞ്ഞ് കടയിൽ കയറി ആക്രമണം നടത്തുകയായിരുന്നെന്നു ഉടമ പൊലീസിനോടു പറഞ്ഞു. തുണിത്തരങ്ങളും തയ്യിൽ മെഷീൻ നശിപ്പിച്ചെന്നും പരാതി ഉണ്ട്. ഗുരുതരമായി പരിക്കേറ്റ അനിരുദ്ധനെ കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.