അരൂർ: മതിയായ രേഖകളില്ലാതെ ആന്ധ്രയിൽ നിന്നും ഇൻസുലേറ്റഡ് ലോറിയിൽ കൊണ്ടു വന്ന 5000 കിലോ വനാമി ചെമ്മീൻ ഭക്ഷ്യ സുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പധികൃതരും ചേർന്ന് പിടികൂടി. ചന്തിരൂരിലെ ഒരു സമുദ്രോൽപന്ന സംസ്ക്കരണ ശാലയിലേക്ക് രേഖകൾ ഇല്ലാതെ ഏജൻസി വഴി കൊണ്ടുവന്ന ചെമ്മീൻ ആണ് പിടിച്ചത്. 200 പെട്ടികളിലാക്കി അയ്യായിരം കിലോ ചെമ്മീൻ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അതിൽ മൂന്ന് പെട്ടി ഭക്ഷ്യ സുരക്ഷാ വിഭാഗം കസ്റ്റഡിയിൽ എടുത്ത് ബ്ലീച്ചിംഗ് പൗഡർ ഇട്ടു നശിപ്പിച്ചു. ചെമ്മീൻ ഭക്ഷ്യ യോഗ്യമല്ലെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന. എന്നാൽ ആവശ്യമായ സുരക്ഷിതരീതികളിലൂടെയാണ് ചെമ്മീൻ കൊണ്ടുവന്നത് എന്നാണ് ഏജൻസിയുടെ വാദം.ബുധനാഴ്ച വൈകിട്ട് ആന്ധ്രയിൽ നിന്ന് വണ്ടിയിൽ കയറ്റി വ്യാഴാഴ്ച രാവിലെ കേരളത്തിൽ എത്തിച്ചതാണ് ചെമ്മീൻ .ഭക്ഷ്യ യോഗ്യമല്ലാത്ത ചെമ്മീൻ നശിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം ഉണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേർക്കെതിരെ അരൂർ പൊലീസ് കേസെടുത്തു. എഴു ദിവസത്തിനകം ലൈസൻസും ആവശ്യമായ രേഖകളും ഹാജരാക്കിയില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണർ എം.പി.മുരളി പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ സുബി മോൾ ,വി.ജെ.രാഹുൽ രാജ്, ഫിഷറീസ് സബ്ബ് ഇൻസ്പെക്ടർ അജ്ഞലി രാജ്, അരൂർ സി.ഐ.എസ്.അരുൺകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.