ആലപ്പുഴ: കനാലുകളുടെ ആദ്യഘട്ട ചെളിവാരലും പുനരുദ്ധാരണ പ്രവൃത്തികളും ഈ മാസം പൂർത്തിയാക്കാനുള്ള നീക്കങ്ങൾ ലോക്ക് ഡൗണിൽ പാളി. പാലങ്ങൾ, കൽക്കെട്ട് അടക്കമുള്ളവയുടെ നിർമ്മാണം തുടരുകയാണ്. ആദ്യഘട്ടത്തിന്റെ പൂർത്തീകരണത്തിന് ജൂൺ പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
39 കോടി രൂപയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. മേയ് മാസത്തിൽ തന്നെ പ്രവൃത്തികൾ പൂർത്തീകരിച്ച് ചെറുവള്ളങ്ങളുടെ സംഗമം നടത്തി കനാലുകളുടെ തിരിച്ചുവരവ് ആഘോഷപൂർവം കൊണ്ടാടാനാണ് മന്ത്രിയുടെ നേതൃത്വത്തിൽ നേരത്തേ തീരുമാനിച്ചിരുന്നത്.
കനാലുകളിൽ നിന്ന് ചെളിനീക്കം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ആലപ്പുഴ - ചേർത്തല കനാലിന് കുറുകെയുള്ള അഞ്ച് പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. കൊമേഴ്സ്യൽ കനാലിൽ പൈൽ ആൻഡ് സ്ലാബ് നിർമ്മാണവും കൽക്കെട്ട് നിർമ്മാണവുമാണ് ഇപ്പോൾ നടക്കുന്നത്. ലോക്ക് ഡൗൺ മൂലം ചുരുക്കം തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവിൽ കനാലിലെ മുകൾത്തട്ടിലെ ചെളിയും പായലുമാണ് നീക്കുന്നത്. 80 കോടിയുടെ രണ്ടാംഘട്ട എസ്റ്റിമേറ്റ് ഇറിഗേഷൻ വകുപ്പ് അധികൃതർ സമർപ്പിച്ചിട്ടുണ്ട്.
സൈക്കിൾ ട്രാക്കും
രണ്ടാംഘട്ടത്തിൽ സൈക്കിൾ ട്രാക്ക് ഉൾപ്പടെയുള്ളവയുടെ നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഉപ്പൂറ്റികനാൽ മുതൽ ശവക്കോട്ടപ്പാലം വരെ കനാൽ അരിക് വൃത്തിയാക്കി പദ്ധതിയുടെ മാതൃകാ ഭാഗമാക്കും. കനാൽ നവീകരണത്തിലെ അശാസ്ത്രീയതമൂലം സമീപത്തെ റോഡുകൾ അടുത്തിടെ ഇടിഞ്ഞത് വിവാദമായിരുന്നു. സംഭവത്തെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ധനമന്ത്രി ഇടപെട്ട് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ആദ്യഘട്ടം (39 കോടി)
വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ, വെസ്റ്റ് ജംഗ്ഷൻ കനാൽ, ഈസ്റ്റ് ജംഗ്ഷൻ കനാൽ, കൊട്ടാരം തോട്, എ.എസ് കനാൽ ഭാഗികമായി, മുറിഞ്ഞപുഴ തുടങ്ങിയവയുടെ നവീകരണം
രണ്ടാം ഘട്ടം (80 കോടി)
സൈക്കിൾ ട്രാക്ക്, നടപ്പാത, ചെറുകനാലുകളുടെ നവീകരണം, പ്രധാന കനാലുകളിൽ ചിലത് ആഴംകൂട്ടൽ
" ലോക്ക് ഡൗൺ മൂലം പണികളിൽ കാലതാമസമുണ്ടായിട്ടുണ്ട്. മേയ് മാസത്തിൽ പൂർത്തികരിക്കണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു. അത് സാധിക്കാത്ത അവസ്ഥയാണ്. ജൂൺ പകുതിയോടെ മാത്രമേ ഒന്നാം ഘട്ടം പൂർണമാകൂ''-
ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ