ഹരിപ്പാട് : കരുവാറ്റ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ ഉൾപ്പെട്ട 8, 10 വാർഡുകളിലെ ഇട്ടിപ്പള്ളി പാടത്തും, കുന്നേൽ പാടത്തുമായി 6 ഏക്കർ സ്ഥലത്ത് വിത്ത് വിതച്ചു. കഴിഞ്ഞ 25 വർഷത്തിൽ അധികമായി തരിശ് കിടന്ന പാടങ്ങളാണിത്. കഴിഞ്ഞ ആഴ്ച വിതച്ച ചുടുകാട്ടിൽ പാടത്തിനു പുറമെയാണ് ഈ പാടങ്ങളിലും കൃഷി ആരംഭിച്ചത്.
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം മനു രത്ന ഇനം വിത്താണ് വിതച്ചത്. ഓണത്തിന് മുമ്പ് വിളവെടുക്കാനുള്ള പ്രവർത്തനത്തിലാണ് കർഷകരായ ശശിധരനും, റോയ് പി. ഐപ്പും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുജാത വിത ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കൽ, വാർഡ് മെമ്പർമാരായ കെ.ആർ.രാജൻ, നന്ദകുമാർ, സുലോചന, ഷീല രാജൻ, കൃഷി ഓഫീസർ ജെ. മഹേശ്വരി, അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് മാത്യു എന്നിവർ പങ്കെടുത്തു.