ട്രെയിൻ മാർഗം എത്തിയവരെ കെയർ സെന്ററുകളിലാക്കി

ആലപ്പുഴ :ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം എത്തിയ ആലപ്പുഴ ജില്ലക്കാരായ 49 പേരെ നിരീക്ഷണത്തിലാക്കാൻ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത് കുറ്റമറ്റ സംവിധാനം. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ എത്തിയ യാത്രക്കാരെ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലും എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയവരെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലും എത്തിച്ചത്.
എറണാകുളത്തെത്തിയ 38 പേരെ രാവിലെ അഞ്ച് മണിയോടെ ആലപ്പുഴയിലെത്തിച്ചു. ഇതിൽ മൂന്ന് പേരെ അമ്പലപ്പുഴ താലൂക്കിലെ കൊവിഡ് കെയർ സെന്ററിലും ഒരാളെ കുട്ടനാട് താലൂക്കിലെ കൊവിഡ് കെയർ സെന്ററിലും പ്രവേശിപ്പിച്ചു. വീടുകളിൽ ഐസൊലേഷൻ സൗകര്യമില്ലാത്തവരെയാണ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 34 പേരെ വീടുകളിൽ ഐസൊലേഷനിലാക്കി.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 14 പേരാണ് എത്തിയത്. ഇതിൽ മൂന്ന് പേർ കൊല്ലം ജില്ലക്കാർ. ഇവരെ കായംകുളം കെ.എസ്.ആർ.ടി .സി ബസ് സ്റ്റാന്റിൽ എത്തിച്ചു. കൊല്ലം ജില്ലക്കാരൊഴികെയുള്ള 11 പേരിൽ രണ്ട് പേരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഒരാളെ കാർത്തികപ്പള്ളി താലൂക്കിലെ കോവിഡ് കെയർ സെന്ററിലും മറ്റൊരാളെ കുട്ടനാട് താലൂക്കിലെ സെന്ററിലുമാണ് പ്രവേശിപ്പിച്ചത്.

 എല്ലാം വിരൽത്തുമ്പിൽ

ആലപ്പുഴ, കായംകുളം ബസ് സ്റ്റാന്റുകളിൽ യാത്രക്കാരുടെ നിരീക്ഷണം എകോപിപ്പിക്കാനായി ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിച്ചിരുന്നു. ആലപ്പുഴ ബസ് സ്റ്റാന്റിൽ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പുലർച്ചെ നേരിട്ടെത്തി മേൽനോട്ടം വഹിച്ചു. നോഡൽ ഓഫീസർമാരായ അമ്പലപ്പുഴ തഹസിൽദാർ കെ.ആർ. മനോജും കാർത്തികപ്പള്ളി തഹസിൽദാർ ഡി.സി.ദിലീപ്കുമാറും അതത് ബസ് സ്റ്റാന്റുകളിൽ സന്നിഹിതരായിരുന്നു. ആരോഗ്യവകുപ്പ്, റവന്യൂ, പൊലീസ്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ രാവിലെ തന്നെ എത്തി.

ഒരു മുഴം മുമ്പേ...
ട്രെയിനിലെത്തുന്ന യാത്രക്കാരുടെ വിശദവിവരങ്ങൾ നേരത്തെ തയ്യാറാക്കിയിരുന്നു. ഓരോരുത്തരെയും കൺട്രോൾ റൂമിൽ നിന്നും നേരിട്ട് വിളിച്ചു. പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തേക്കു ടിക്കറ്റെടുത്ത യാത്രക്കാരിൽ പലരും എറണാകുളം സ്റ്റേഷനിൽ ഇറങ്ങാൻ താത്പര്യപ്പെടുന്നുവെന്നറിഞ്ഞത് അപ്പോഴാണ് . അതോടെ കളക്ടർ എം. അഞ്ജന എറണാകളം കളക്ടറുമായി ബന്ധപ്പെടുകയും കൂടുതൽ കെ. എസ് .ആ.ർ.ടിസി ബസുകൾ എറണാകുളം - ആലപ്പുഴ റൂട്ടിൽ സജ്ജീകരിക്കാനുള്ള നടപടികളെടുക്കുകയും ചെയ്തു.ബസ് സ്റ്റാന്റുകളിലെത്തിയ യാത്രക്കാർക്ക് സാനിറ്റൈസർ നല്കാനുള്ള സംവിധാനം എർപ്പെടുത്തിയിരുന്നു.
ആലപ്പുഴ സ്റ്റാന്റിൽ നിന്ന് കായംകുളം, അരൂർ, എടത്വ, ചെങ്ങന്നൂർ റൂട്ടുകളിലാണ് ബസ് ഏർപ്പെടുത്തിയത്. കോവിഡ് കെയർ സെന്ററുകളിലേക്ക് പോകുന്നവർക്ക് ആംബുലൻസും ഏർപ്പെടുത്തിയിരുന്നു. മൈനാഗപ്പള്ളി, നൂറനാട് റൂട്ടുകളിലായി രണ്ട് ബസുകളാണ് കായംകുളത്തു നിന്ന് പുറപ്പെട്ടത്.