ഇളവുകൾ തെറ്റിച്ച് ബഹുനില വ്യാപാര ശാലകൾ
ആലപ്പുഴ: വ്യപാര സ്ഥാപനങ്ങളുടെ 'നില'യെണ്ണി സർക്കാർ പ്രഖ്യാപിച്ച ഇളവ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കച്ചവടം പൊടിപൊടിക്കുന്നു. ഒറ്റ നിലയുള്ള വ്യാപാര സ്ഥാപനങ്ങളിൽ മാത്രം പരമാവധി അഞ്ച് ജീവനക്കാരെ നിയോഗിച്ച് കച്ചവടം നടത്താമെന്ന നിർദേശം നിലനിൽക്കേയാണ് ബഹുനില കെട്ടിടങ്ങളിൽ കാര്യങ്ങൾ പൊടിപൊടിക്കുന്നത്.
പുറമേ നിന്ന് നോക്കുമ്പോൾ മുകൾ നിലകളിലെ ഷട്ടർ അടച്ച നിലയിലായിരിക്കും. 'പ്രവേശനമില്ല' എന്ന ബോർഡ് കോണിപ്പടികളിൽ സ്ഥാപിച്ച് വഴി അടച്ചിട്ടുണ്ട്. പക്ഷേ, ആവശ്യക്കാരെ ലിഫ്റ്റ് വഴി വിവിധ നിലകളിൽ എത്തിക്കും.
അകത്ത് പ്രവേശിച്ച് ഓരോ സെക്ഷനിലെയും വസ്ത്രങ്ങൾ അന്വേഷിക്കുന്നതോടെ ലിഫ്റ്റിന്റെ വാതിൽ തുറക്കപ്പെടും. അഞ്ച് ജീവനക്കാരെ സാമൂഹിക അകലം പാലിച്ച് ജോലിക്ക് നിറുത്താമെന്നിരിക്കേ, 15ൽ അധികം ജീവനക്കാർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. 60ന് മുകളിൽ പ്രായമുള്ളവരെക്കൊണ്ട് ജോലിചെയ്യിക്കരുതെന്നാണ് നിലവിലെ നിബന്ധന. എന്നാൽ പല കടകളിലും സെക്യൂരിറ്റി ജോലി ചെയ്യുന്നവർക്ക് അറുപതിലധികം വയസുണ്ട്. മിക്ക സമയത്തും പ്രവേശന കവാടത്തിൽ സാനിട്ടെസറുമായി മണിക്കൂറുകളോളം നിൽക്കുന്നതും ഇവരാണ്.
പരസ്പരം അകലം പാലിക്കാതെയാണ് വസ്ത്രങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലുകളും നടക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ ഒരേസമയം ഒരുപാടുപേർ തിരഞ്ഞെടുക്കുന്ന രീതി തുടരുകയാണ് ചില കടകൾ. പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ സാനിട്ടൈസർ ഉപയോഗിച്ച് ശുദ്ധമാക്കണമെന്ന നിയമവും പൂർണമായി പാലിക്കപ്പെടുന്നില്ല. ഗ്രീൻ സോൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ കുഞ്ഞുങ്ങളുമായി ഷോപ്പിംഗിനെത്തുന്നവരുമുണ്ട്. ഇതാണ് വസ്ത്രവ്യാപാര ശാലകൾ ആവിഷ്കരിച്ചിരിക്കുന്ന തന്ത്രം. ബഹുനില കെട്ടിടങ്ങളിലെ ഒരുനില ഒഴികെ ബാക്കി നിലകൾ അടച്ച് കച്ചവടം നടത്താൻ ഇതുവരെ അനുവാദം നൽകിയിട്ടില്ലെന്നതാണ് മറ്റൊരു വാസ്തവം.
സാധനങ്ങൾ വാങ്ങാൻ ഒരു കുടുംബത്തിൽ നിന്ന് ഒരാൾ പുറത്ത് പോവുക എന്ന നിർദ്ദേശം നിലനിൽക്കെയാണ് മാസ്ക് പോലും ധരിപ്പിക്കാതെ കുട്ടികളെ കടകളിൽ കൊണ്ടുവരുന്നത്. അനധികൃത കച്ചവടകേന്ദ്രങ്ങളെ ഒഴിപ്പിക്കാൻ നഗരസഭകളും പൊതുമരാമത്ത് വകുപ്പും ശ്രമിക്കുമ്പോഴും വഴിയോര വിപണി സജീവമാണ്.
..........................
പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനെത്തിയതാണ്. അളവ് നോക്കി പാകമാകേണ്ടതിനാലാണ് കുട്ടികളെയും കൊണ്ടുവന്നത്. കുട്ടികളുമായി മാസ്കില്ലാതെ കടയിൽ പ്രവേശിച്ചത് സെക്യൂരിറ്റി തടഞ്ഞില്ല
(ഉപഭോക്താവ്)
..........................
അവധിക്കാല കച്ചവടം ഇതിനോടകം തന്നെ ഇല്ലാതായി. ഇത്രയും നാൾ അടച്ചിട്ടതിന്റെ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇളവ് നിബന്ധനകൾ പാലിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കൾ കൂടി ജാഗ്രത കാട്ടണം
(വസ്ത്രവ്യാപാര ശാല ഉടമ)
..................
# ഗ്രീൻ സോൺ ഇളവ്
ഒറ്റനിലയുള്ള സ്ഥാപനങ്ങളിൽ പരമാവധി അഞ്ച് ജീവനക്കാർ
മാസ്ക് നിർബന്ധം
സാമൂഹിക അകലം പാലിക്കണം
കൈകഴുകാൻ വെള്ളവും സോപ്പും ലഭ്യമാക്കണം
സാനിട്ടൈസർ ലഭ്യമാക്കണം
60 വയസിന് മുകളിലുള്ള ജോലിക്കാർ പാടില്ല
സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണം