ഗർഭിണി തൃക്കുന്നപ്പുഴ സ്വദേശി
ആലപ്പുഴ: കൊവിഡിന്റെ കടന്നാക്രമണത്തിൽ നിന്ന് ഏറെക്കുറെ വിടുതൽ നേടിയെന്നാശ്വസിക്കുമ്പോഴാണ് ജില്ലയെ ഞെട്ടിച്ച് ഇന്നലെ പുറക്കാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ രണ്ടു പേർക്കു കൊവിഡ് സ്ഥിരീകരിച്ചത്.
ഒരാൾ മേയ് 11ന് റോഡു മാർഗം നവി മുംബൈയിൽ നിന്നും മറ്റെയാൾ 13ന് ദമാമിൽ നിന്നുമാണ് വന്നത്. മുംബയിൽ നിന്നെത്തിയ പുറക്കാട് സ്വദേശിയായ യുവാവും ദമാമിൽ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശിയായ ഗർഭിണിയും വീടുകളിൽ ക്വാറെന്റെനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇരുവരെയും ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
8 ന് കാറിൽ റോഡ് മാർഗ്ഗം നവി മുംബൈയിൽനിന്ന് യാത്ര പുറപ്പെട്ട പുറക്കാട് സ്വദേശി 11നാണ് ആലപ്പുഴയിൽ എത്തിയത്. കൂടെയുണ്ടായിരുന്ന യാത്രക്കാർ നിരീക്ഷണത്തിലാണ്.
ദമാമിൽ നിന്ന് കൊച്ചിയിൽ വിമാന മാർഗം വന്ന ഗർഭിണി ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്നു തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്. ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
നേരത്തെ അഞ്ചു പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.രാജ്യത്തെ തന്നെ രണ്ടാമത്തെ കൊവിഡ് സ്ഥിരീകരിച്ചത് മാവേലിക്കര താലൂക്കിലെ താമരക്കുളം സ്വദേശിക്കായിരുന്നു. പിന്നീട് ചേർത്തല, വെണ്മണി, കാർത്തികപ്പള്ളി, ഹരിപ്പാട് ഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും രോഗം ഭേദമായിട്ടുണ്ട്.
നിരീക്ഷണത്തിൽ 2421പേർ
ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2421 പേർ. ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ ഉൾപ്പെടെ 10 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 266 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇന്നലെ ഫലമറിഞ്ഞ 25 സാമ്പിളുകളിൽ 23 ഉം നെഗറ്റീവാണ്.