മാന്നാർ: അയൽവീട്ടിലെ തേക്കുമരത്തിന്റെ ശിഖരം വീണ് പൊട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ ഏഴുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അമ്മൂമ്മയും ഷോക്കേറ്റു മരിച്ചു. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.
ബുധനൂർ പഞ്ചായത്ത് കടമ്പൂർ ഒന്നാം വാർഡിൽ പടനശേരിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (70), മകൻ സജിയുടെ ഭാര്യ ഉഷാമോഹൻ (മഞ്ജു-32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു ദുരന്തം. പത്തുമണിയോടെയാണ് ശിഖരം വീണ് വൈദ്യുതിക്കമ്പി പൊട്ടിയത്. ഇതറിയാതെ വന്ന, ഉഷയുടെ ഏക മകൻ സഞ്ജയ് സജി (സൂര്യൻ) കമ്പിയിൽ തട്ടി ഷോക്കേറ്റു പിടഞ്ഞു.
ഇതുകണ്ട് ഓടിയെത്തിയ ഓമനയും ലൈനിൽ തട്ടി ഷോക്കേറ്റു വീണു. ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഉഷയ്ക്കും ഷോക്കേറ്റത്. പ്രദേശവാസികൾ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അബോധാവസ്ഥയിലായിരുന്ന മൂവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ മാത്രമേ രക്ഷിക്കാനായുള്ളൂ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം മാവേലിക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ. മാന്നാർ പൊലീസ് കേസെടുത്തു. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനാണ് സജി. ഓമനയുടെ മറ്റ് മക്കൾ: അജി, ശോഭ, ഗീത.