photo

ചാരുംമൂട്: ശ്രീ നാരായണ ഗുരുദേവനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ ഭാഗ്യം സിദ്ധിച്ച മാവേലിക്കര കല്ലുമല ശങ്കരാലയത്തിൽ ഭാർഗവിയമ്മക്ക് (97) എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാമത് സ്ഥാപകദിനത്തിൽ ചാരുംമൂട് യൂണിയന്റെ സ്നേഹാദരം.
1928ൽ ഗുരുദേവൻ സമാധിയാകുന്നതിന് ഏകദേശം ഒരു മാസം മുൻപ് ഗുരുദേവൻ രോഗശയ്യയിൽ
ആണെന്നറിഞ്ഞ് അച്ഛൻ ശങ്കരൻ മുതലാളിയുടേയും അമ്മ കൊച്ചു സീതയുടേയും കൈ പിടിച്ച് തന്റെ അഞ്ചാമത്തെ വയസിലാണ് ഏതാനും ബന്ധുമിത്രാദികൾക്കൊപ്പം ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ടത്. കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ഇരുകൈകളും ഉയർത്തി അന്ന് ഗുരുദേവൻ അനുഗ്രഹിച്ചത് നിറകണ്ണുകളോടെ ഭാർഗവിയമ്മ ഓർമ്മിക്കുന്നു.

കെട്ടുവള്ളത്തിലും കാൽനടയായും ചെന്ന് ട്രെയി​നി​ൽ കയറി​യാണ് അന്ന് ശിവഗിരിയിൽ എത്തിച്ചേർന്നത്. ഗുരുദേവന്റെ അനുഗ്രഹമാണ് തന്റെയും കുടുംബത്തിന്റെയും പിന്നീടുള്ള ഐശ്വര്യം എന്നും ഭാർഗവിയമ്മ പറഞ്ഞു. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് വാസുദേവൻ 21 വർഷം മുൻപ് മരിച്ചു. മൂത്ത മകൾ ഡോ. ഷീല വാസുദേവൻ ഗവ.മെഡിക്കൽ കോളേജിൽ നിന്നു വിരമിച്ച് നിലവിൽ ഗോകുലം മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്യുന്നു. രണ്ടാമത്തെ മകൻ സുരേഷ് വാസുദേവ് കുവൈറ്റ് അമീറിന്റെ മകൻ ഷേഖ് നാസർ സാഹിബിന്റെ കമ്പനികളുടെ ഫിനാൻസ് ഹെഡ് ആണ്. മൂന്നാമത്തെ മകൻ രമേശ് വാസുദേവ് കുവൈറ്റിൽ ബാങ്ക് മാനേജർ ആയി വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു. നാട്ടിലുള്ള ഇദ്ദേഹമാണ് ഇപ്പോൾ അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്.

പ്രായത്തിന്റെ അവശതകളല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഗുരുദേവ കാരുണ്യത്താൽ അമ്മയ്ക്ക് ഇല്ലെന്നു രമേശ് വാസുദേവ് പറഞ്ഞു. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, കൺവീനർ ബി. സത്യപാൽ, വൈസ് ചെയർമാൻ ആർ. രഞ്ജിത്ത്, കമ്മിറ്റിഅംഗം ചന്ദ്രബോസ് എന്നിവർ ചേർന്ന് ഭാർഗ്ഗവിയമ്മയെ അമ്മയെ ആദരിച്ചു.