ambala

അമ്പലപ്പുഴ: ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം തുടർച്ചയായ 50 ദിവസം ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് ജീവനക്കാരെ എത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ജീവനക്കാരുടെ സ്നേഹോപഹാരം. ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവറും പെരുന്ന സ്വദേശിയുമായ കെ.പി.വിനോദ് കുമാറിനെയാണ് ഇന്നലെ ജീവനക്കാർ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നിലവിളക്കു നൽകിയും നോട്ടുമാലയും ഷാളുമണിയിച്ചും ആദരിച്ചത്.

മാർച്ച് 28നാണ് വിനോദ് സ്പെഷ്യൽ ഡ്യൂട്ടി ആരംഭിച്ചത്. ആശുപത്രിയിലെ പകൽ ഷിഫ്റ്റുകാരെ രാവിലെ 7ന് ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നു കയറ്റി ആശുപത്രിയിലെത്തിക്കും. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ 8ന് ഇറങ്ങുന്നവരെ 8.30 ഓടെ ചങ്ങനാശേരിയിലും എത്തിക്കും. അടുത്ത ഷിഫ്റ്റുകാരെ വൈകിട്ട് 6ന് ചങ്ങനാശേരിയിൽ നിന്നു കയറ്റി ആശുപത്രിയിലെത്തിക്കും. രാത്രി 7.30ന് ജോലി കഴിഞ്ഞിറങ്ങുന്നവരെ രാത്രിയിൽ ചങ്ങനാശേരിയിൽ എത്തിക്കുന്നതോടെയാണ് ഡ്യൂട്ടി അവസാനിക്കുന്നത്. ഇതിന്റെ നന്ദിസൂചകമായിട്ടായിരുന്നു ആദരം സംഘടിപ്പിച്ചത്. ആശുപത്രി നേഴ്സിംഗ് അസിസ്റ്റന്റ് ബിനോയിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.