tv-r

തുറവൂർ: എഴുപുന്നതെക്ക് സെന്റ് ആന്റണീസ് പള്ളിയിൽ 14 വർഷമായി പ്രവർത്തിക്കുന്ന 'സെഹിയോൻ' സൗജന്യ ഭക്ഷണശാലയ്ക്ക് ജനപ്രതിനിധികളുടെയും നേതാക്കളുടെയും ആദരം. എ.എം.ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, അഡ്വ. മനു സി.പുളിക്കൽ തുടങ്ങിയവർ ഊട്ടുശാല സന്ദർശിച്ചു അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു.

2006ലാണ് പള്ളിയുടെ കീഴിൽ ഊട്ടുശാല ആരംഭിച്ചത്. ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ നിയന്ത്രണങ്ങൾ നിമിത്തം ഊട്ടുശാലയുടെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ആലോചിച്ചിരുന്നു.എന്നാൽ നിരാലംബരായ നിരവധി കുടുംബങ്ങൾ പള്ളി വികാരി ഫാ.പോൾ കൊച്ചീക്കാരനെ സമീപിച്ചപ്പോൾ ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച് ആവശ്യക്കാർക്ക് രണ്ടു നേരവും ഭക്ഷണ വിതരണം നടത്താൻ തീരുമാനിക്കുകയായിരുന്നു. മേയ് 31 വരെ വിപുലമായ അന്നദാനം നടത്തുമെന്ന് ഫാ.പോൾ കൊച്ചീക്കാരൻ അറിയിച്ചു.

മുപ്പതിനായിരത്തിൽപരം പൊതിച്ചോറുകൾ ഇതിനകം വിതരണം ചെയ്തു. ഊട്ടുശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ജോയി ആന്റണി, പീറ്റർ കോളിൻസ്, പള്ളി ട്രസ്റ്റികളായ ജോസ് ഹാരിസൺ, യേശുദാസ് ജോൺ, സജി ക്ലീറ്റസ് എന്നിവരാണ്.