ചേർത്തല:എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാമത് സ്ഥാപകദിനമായിരുന്ന ഇന്നലെ ശുചിത്വ ബോധവത്കരണദിനം ആചരിച്ചുകൊണ്ട് യൂണിയൻ,ശാഖ ഓഫീസുകളിലും ഭവനങ്ങളിലും ചിരാതുകളിൽ ഐക്യദീപം തെളിയിച്ച ശ്രീനാരായണീയർ ഒത്തൊരുമയുടെ മാർഗ്ഗദീപങ്ങളായി.
കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ നിയന്ത്റണങ്ങളും പാലിച്ചായിരുന്നു ചടങ്ങുകൾ.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ വൈകിട്ട് 6 മണിയോടെ മൺചിരാതിലേക്ക് ആദ്യദീപം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ,മകൾ വന്ദന, മരുമകൻ ശ്രീകുമാർ എന്നിവർ ചേർന്ന് 117 ദീപങ്ങൾ തെളിച്ചു. യോഗത്തിന് കീഴിലുള്ള 142 യൂണിയനുകളിലും ശാഖായോഗം ഓഫീസുകളിലും ഭവനങ്ങളിലും സാമൂഹിക അകലം പാലിച്ച് ഐക്യദീപം തെളിച്ചുകൊണ്ട് യോഗം ജനറൽ സെക്രട്ടറിയുടെ ശുചിത്വ ദിനാചരണമെന്ന ആഹ്വാനം നടപ്പാക്കി.
1903 മേയ് 15 നാണ് എസ്.എൻ.ഡി.പി യോഗം രജിസ്റ്റർ ചെയ്തത്.നൂറ്റാണ്ടുകളായി അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും പിടിയിലമർന്നുപോയൊരു ജനതയെ വെളിച്ചത്തിലേക്ക് നയിച്ച ശ്രീനാരായണഗുരുദേവൻ ആഹ്വാനം ചെയ്തത് പഞ്ചശുദ്ധിയിൽ അധിഷ്ഠിതമായൊരു ജീവിതരീതിയായിരുന്നു.അതുകൊണ്ടുതന്നെ ഗുരുദേവദർശനം നെഞ്ചിലേറ്റിയ പ്രസ്ഥാനമെന്ന നിലയിൽ ശുചിത്വബോധവത്കരണവും എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രധാന കർമ്മപരിപാടിയാണ്.