tv-r

തുറവൂർ: കാട്ടിൽ നിന്ന് നാട് ചുറ്റാനിറങ്ങിയ മൂന്നംഗ വാനര സംഘത്തിലെ ഒരാൾക്ക് വാഹനാപകടത്തിൽപ്പെട്ട് ദാരുണാന്ത്യം. കൗതുകമുണർത്തിയും രസിപ്പിച്ചും ആരെയും ഉപദ്രവിക്കാതെ നാട്ടിൻ പുറങ്ങളിൽ ചുറ്റി നടന്ന വാനര കുടുംബത്തിലെ വേർപാട് അവർക്കൊപ്പം നാട്ടുകാർക്കും നൊമ്പരമായി.

ദേശീയപാതയിൽ പാട്ടുകുളങ്ങരയിലെ കുത്തിയതോട് പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. മൂവരും റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ബൈക്ക് തട്ടിയതിനെ തുടർന്ന് വീണ കുരങ്ങനെ വാനിടിക്കുകയായിരുന്നു. ഒരു മാസത്തിലേറെയായി ആദ്യം തീരമേഖലയിലും പിന്നീട് കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളിലും കറങ്ങിനടന്ന വാനര കുടുംബം ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. പാതയോരത്തു ചേതനയറ്റു കിടന്ന വാനരന്റെ മൃതദേഹത്തിനരികിൽ ശോകമൂകമായി ഇരുന്ന മറ്റ് രണ്ടുപേർ ഏറെനേരം ആരെയും അടുപ്പിച്ചില്ല. വിവരമറിഞ്ഞെത്തിയ കുത്തിയതോട് പൊലീസും പ്രദേശവാസികളും ചേർന്നാണ് പിന്നീട് മൃതദേഹം കുഴിയെടുത്ത് മൂടിയത്.