കലവൂർ: സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കർഷകർക്കും മറ്റ് ഇടപാടുകാർക്കും കലവൂർ സർവ്വീസ് സഹകരണ ബാങ്ക് പലിശരഹിത വായ്പ നൽകും. ഇരുപത്തിഅയ്യായിരം വരെ വ്യക്തിഗത കാർഷിക വായ്പയും പതിനയ്യായിരം വരെ സ്വർണ്ണപണയ വായ്പയും നൽകും.കൂടാതെ കാർഷിക ഗ്രൂപ്പുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും കൃഷിചെയ്യുന്നതിന് ആവശ്യാനുസരണമുള്ള പണം പലിശരഹിത വായ്പയായി നൽകുമെന്ന് പ്രസിഡന്റ് വി.ടി അജയകുമാർ പറഞ്ഞു. കൃഷിചെയ്യാൻ കിഴങ്ങ് വർഗ്ഗവിത്തുകൾ സൗജന്യമായി നൽകും.കാർഷിക ഗ്രൂപ്പുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും വിത്തും വളവും അടക്കമുള്ള സഹായങ്ങളും നൽകുന്നുണ്ട്. ആറ് മാസക്കാലാവധിക്കുള്ളിലാണ് വായ്പകൾ അടച്ചുതീർക്കേണ്ടത്. ഇടപാടുകാർക്കും പൊതുജനങ്ങൾക്കും അടുത്ത ആഴ്ച മുതൽ മാസ്‌ക്കുകൾ വിതരണം ചെയ്യും. ബാങ്ക് ഡയറക്ടർബോർഡ് അംഗങ്ങളുടെയും ജീവനക്കാരുടെയും സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറ് ലക്ഷത്തിനാൽപ്പത്തിരണ്ടായിരം രൂപ നൽകി. കിഴങ്ങ് വർഗ്ഗങ്ങൾ ആവശ്യമുള്ളവർ 21ന് മുമ്പായി നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.