 ലോക്ക് ഡൗണിലും അവഗണനയെന്ന് ഭി​ന്നലിംഗക്കാർ

ആലപ്പുഴ: അവഗണന ഇവർക്ക് പുതിയ അനുഭവമല്ല. തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തിയ നാൾ മുതൽ നേരിടുന്ന ഒന്ന്. ഇതിന്റെ തുടർച്ചയെന്നോണം ലോക്ക് ഡൗൺ കാലത്തെ ധനസഹായ പട്ടികയിലും ഭൂരിഭാഗം ഭിന്നലിംഗക്കാർക്കും (ട്രാൻസ്ജെൻഡർ) ഇടംപിടിക്കാനായില്ല.

സാമൂഹ്യനീതി വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ രേഖ നേടിയിട്ടുള്ള, സംസ്ഥാനത്തെ 1100 ഭിന്നലിംഗക്കാർക്ക് ഭക്ഷ്യധാന്യ കിറ്റുകളും ഹോർമോൺ മരുന്നുകളും ലഭ്യമായിട്ടുണ്ട്. എന്നാൽ മുപ്പതിനായിരത്തിലധികം ഭിന്നലിംഗക്കാർ തിരിച്ചറിയൽ രേഖ നേടാതെ കഴിയുന്നുണ്ട്. ഇവർക്കുൾപ്പെടെ അടിയന്തര ധനസഹായം നൽകണമെന്ന ആവശ്യവുമായി ട്രാൻസ്ജെൻഡർ സെൽ അധികൃതർ സർക്കാരിന് നിവേദനം സമർപ്പിച്ചു. പലരും വീട്ടിൽ നിന്ന് പുറത്തായതിനാൽ റേഷൻകാർഡ് ആനുകൂല്യങ്ങളും ലഭ്യമല്ല. ഭൂരിഭാഗം പേരും സ്വയം തൊഴിലിനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്.

നിത്യവൃത്തിയും കഴിഞ്ഞ് അവശേഷിക്കുന്ന തുകയിൽ മിച്ചം പിടിച്ചാണ് ഹോർമോൺ ചികിത്സയടക്കം നടത്തുന്നത്. എന്നാൽ പൊടുന്നനെ വരുമാനത്തിനും പൂട്ടുവീണു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അതത് ജില്ലാ ഭരണകൂടങ്ങളെ ബന്ധപ്പെട്ട് ഹോർമോൺ മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്. ഫയർ ഫോഴ്സ്, ആശ പ്രവർത്തകർ വഴിയാണ് മരുന്ന് എത്തിക്കുന്നത്. വരുമാനം നിലച്ചതും കൊവിഡ് വ്യാപനവും മൂലം പലർക്കും വാടകമുറികൾ ഒഴിയേണ്ടിവന്നു. ഇവർക്ക് സംസ്ഥാനത്തെ അഞ്ച് കെയർ ഹോമുകൾ വഴി ഭക്ഷണവും താമസവും ഉറപ്പുവരുത്തുന്നുണ്ട്. ജില്ലാ ജസ്റ്റിസ് കമ്മിറ്റികൾ വഴിയാണ് ഓരോ പ്രദേശത്തെയും കഷ്ടത അനുഭവിക്കുന്ന ട്രാൻസ് വിഭാഗക്കാരെ കണ്ടെത്തുന്നത്.

......................................

 1,100: തിരിച്ചറിയൽ രേഖയുള്ള ഭിന്നലിംഗക്കാർ

 25,000: കേരളത്തിൽ 2015ലെ സർവേ പ്രകാരമുള്ള ഭിന്നലിംഗക്കാർ

.....................................

 ആശ്വാസ ഹോമുകൾ

അഗതികളായ ഭിന്നലിംഗക്കാർക്കുവേണ്ടി സംസ്ഥാനത്ത് അഞ്ച് കെയർഹോമുകളാണ് പ്രവർത്തിക്കുന്നത്. ട്രാൻസ് മെൻ, ട്രാൻസ് വുമൺ വിഭാഗക്കാർക്കായി തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട്, എറണാകുളം, കോട്ടയം ജില്ലകളിൽ ട്രാൻസ് വുമൺ വിഭാഗത്തിനായി ഓരോ കെയർഹോമുകളും പ്രവർത്തിക്കുന്നു. സാമൂഹ്യ നീതി വകുപ്പിനാണ് കെയർഹോമിന്റെ നടത്തിപ്പ് ചുമതല.

 വേണം റേഷൻകാർഡ്

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന ഒരു ആനുകൂല്യവും റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ ഭൂരിഭാഗം ഭിന്നലിംഗക്കാർക്കും ലഭിക്കുന്നില്ല. പലരെയും വീട്ടുകാർ ഉപേക്ഷിച്ച മട്ടാണ്. ആധാർ നമ്പർ ഉപയോഗിച്ച് റേഷൻ വാങ്ങാമെന്ന സംവിധാനം പ്രയോജനപ്പെടുത്താനും പലർക്കും സാധിച്ചിട്ടില്ല.

...........................................

സാമൂഹ്യനീതി വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തവർക്ക് ഭക്ഷ്യധാന്യങ്ങളും മരുന്നും എത്തിക്കുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഒരുപോലെ ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ സാമൂഹ്യനീതി വകുപ്പിന് ധനസഹായം നൽകാൻ സാധിക്കൂ

( ശ്യാമ എസ്.പ്രഭ, പ്രൊജക്ട് ഓഫീസർ, സംസ്ഥാന ട്രാൻസ്ജെൻഡർ സെൽ)

..........................................................................................

 ഭിന്നലിംഗക്കാർ എന്നാൽ

ജനിക്കുമ്പോഴുള്ള ലിംഗത്തിന് വ്യത്യാസമായ ലിംഗ ഗുണങ്ങളോട് ജീവിക്കുന്നവർ. ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയരായിട്ടുണ്ട്.എന്തുകൊണ്ടാണ് ഭിന്നലിംഗക്കാർ ആയത് എന്നതിനു പൊതുവിൽ അംഗീകരിക്കപ്പെട്ട വിശദീകരണം ഇല്ല. ജനനത്തിനു മുമ്പ് ഉണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ, ചെറുപ്പക്കാലത്ത് കുടുംബത്തിൽ നിന്നുണ്ടാകുന്ന അനുഭവങ്ങൾ, സമൂഹത്തിൽ നിന്നുള്ള സ്വാധീനം ഇവയെല്ലാം ഭിന്നലിംഗക്കാരുടെ സ്വഭാവവും വ്യക്തിത്വവും വളരാൻ കാരണമാകുന്നു.