 ആലപ്പുഴ മെഡി. ആശുപത്രിയിലെ 100 സന്നദ്ധ നഴ്സുമാർ പടിയിറങ്ങുന്നു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സേവനത്തിനായി ആശുപത്രി വികസന സമിതി നിയമിച്ച 100 നഴ്സുമാരുടെ കരാർ പുതുക്കുന്നില്ല. സർക്കാർ ഇതര സ്ഥാപനങ്ങളിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർ ഒരു വർഷം സർക്കാർ ആശുപത്രിയിൽ സൗജന്യസേവനം നടത്തിയാൽ മാത്രമേ ഭാവിയിൽ നാഷണൽ ഹെൽത്ത് മിഷൻ, ആർ.ബി.എസ്,വൈ പദ്ധതികൾ പ്രകാരം നിയമനം ലഭിക്കുകയുള്ളൂ. ആറുമാസം കഴിയുമ്പോൾ പുതുക്കേണ്ട കരാറാണ് കൊവിഡിന്റെ പേരിൽ അധികൃതർ തള്ളിനീക്കുന്നത്. ഇതോടെ, സർക്കാരിൽ നിന്ന് ഒരു രൂപപോലും വാങ്ങാതെ സേവനം നൽകിയിരുന്ന ഇത്രയും നഴ്സുമാർ പടിയിറങ്ങേണ്ടി വരും.

കൊവിഡ് നിരീക്ഷണത്തിൽ ഉൾപ്പെടെയുള്ളവരെ പരിചരിക്കാൻ കൂടുതൽ നഴ്സുമാർ വേണ്ട സാഹചര്യത്തിലാണ് നിസാര നടപടി ക്രമങ്ങളിലൂടെ പരിഹരിക്കാവുന്ന വിഷയം വഷളാക്കുന്നത്.

നഴ്സിംഗ് കോഴ്സ് പൂർത്തീകരിച്ചവർ സൗജന്യ സേവനം നടത്താൻ തയ്യാറാണെന്നുള്ള അപേക്ഷ വികസന സമിതിക്ക് നൽകിയാണ് ജോലിയിൽ പ്രവേശിക്കുന്നത്. കാലാവധി ഒരു വർഷമാണെങ്കിലും ആറുമാസം കഴിയുമ്പോൾ കരാർ പുതുക്കേണ്ടതുണ്ട്. എന്നാൽ കരാർ പുതുക്കാൻ വികസന സമിതി ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇവരിൽ നിന്ന് വികസന സമിതി ആറുമാസത്തേക്ക് 3000 രൂപ 'സർവീസ് ചാർജ്' വാങ്ങുന്നതായും ആക്ഷേപമുണ്ട്. കൊവിഡ് ഐസൊലേഷൻ വാർഡുകളിൽ എഴു ദിവസത്തെ ഡ്യൂട്ടി 14 ദിവസമാക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടതോടെ ജോലിയിലുള്ള നഴ്സുമാർ കൂടുതൽ ബുദ്ധിമുട്ടിലാകും.

 150 താത്കാലികക്കാർ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആർ.ബി.എസ്.വൈ പദ്ധതി പ്രകാരം 120ഉം നാഷണൽ ഹെൽത്ത് മിഷൻ പ്രകാരം 30ഉം നേഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് പ്രതിമാസം 17,000 രൂപയാണ് ശമ്പളം. കൊവിഡ് സേവനം പരിഗണിച്ച് 40ശതമാനം അഡീഷണൽ ഇൻസന്റീവും നൽകുന്നുണ്ട്.

.........................................

# ആശുപത്രിച്ചുരുക്കം

 ആകെ 1200 കിടക്കകൾ, 11 ഐ.സി.യു

 7 ഓപ്പറേഷൻ തീയറ്ററുകൾ

 വാർഡിൽ വേണ്ടത് നാല് രോഗികൾക്ക് ഒരു നഴ്സ്

 ഐ.സി.യുവിൽ ഒരു രോഗിക്ക് ഒരു നഴ്സ്

 പലപ്പോഴും ഒരു നഴ്സിന് 2 ഇ.സി.യുവിൽ ജോലി

 3 ഹെഡ് നഴ്സുമാരുടെ ഒഴിവ് നിലവിൽ

 ആകെയുള്ള 360 സ്റ്റാഫ് നേഴ്സുമാർ അപര്യാപ്തം

 100 പേർ ഒരുമിച്ച് കുറയുന്നത് പ്രതിസന്ധി

.................................

കൊവിഡ് തിരക്കുമൂലം മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രമേ മറ്റ് തീരുമാനങ്ങൾ എടുക്കുകയുള്ളു

(ഡോ. ആർ.വി. രാംലാൽ, സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ‌)