ആലപ്പുഴ: ജില്ലയിൽ രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നിലവിലുണ്ടായിരുന്ന ഇളവുകൾക്കു മേൽ നിർദ്ദേശങ്ങളുമായി ജില്ലഭരണ കൂടം. കഴിഞ്ഞ നാലിന് ഗ്രീൻ സോൺ നിലവിൽ വന്നതോടെയാണ് ജില്ലയിൽ നിയന്ത്രിത ഇളവുകൾ അനുവദിച്ചത്. പൊലീസിന്റെ പരിശോധന അയഞ്ഞതോടെ ഓരോദിവസവും റോഡുകളിലും പൊതുഇടങ്ങളിലും തിരക്കേറുകയായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം പൂർണ്ണമായും അവഗണിച്ചു കൊണ്ടാണ്, എല്ലാം മറന്നമട്ടിൽ ജനം തെരുവിലിറങ്ങുന്നത്.
കഴിഞ്ഞ 10 ദിവസമായി വീടുകളിലും കൊവിഡ് സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർദ്ധനവുണ്ടായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 10 ദിവസത്തിന് മുമ്പ് 600ൽ താഴെ പേർ മാത്രമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇന്നലെ ഇത് 2667 പേരായി. ഇന്നലെ മാത്രം 249 പേരുടെ വർദ്ധനവാണ് ഉണ്ടായത്.
രാത്രി 7.30 വരെയാണ് കടകളുടെ പ്രവർത്തന സമയം അനുവദിച്ചിട്ടുള്ളതെങ്കിലും മിക്കകടകളും ഒൻപത് വരെ പ്രവർത്തിക്കുന്നത് രാത്രിയിലും തിരക്കു കൂട്ടുന്നു.വഴിയോര കച്ചവടക്കാർ മുല്ലയ്ക്കൽ തെരുവിലും ജില്ലാക്കോടതിപാലം മുതൽ തോണ്ടൻകുളങ്ങര വരെയും പാതയോരം കൈയേറി നടത്തുന്ന കച്ചവടം നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്.
ഇന്നത്തെ നിബന്ധനകൾ
സമ്പൂർണ്ണ ലോക്ക് ഡൗണായ ഇന്ന് വാഹനങ്ങൾ പുറത്തിറക്കാതെ ജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ എം. അഞ്ജന പറഞ്ഞു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാൻ അനുവദിക്കും. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാദ്ധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പൂജാദി കർമ്മങ്ങൾക്ക് പോകാൻ അനുമതിയുണ്ട്. ആളുകൾ നടന്നും സൈക്കിളിലും പോകാൻ അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടു മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും.