അമ്പലപ്പുഴ : കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളം കാറ്റിലും തിരയിലും പെട്ട് തകർന്നു.30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മത്സ്യ ബന്ധനത്തിന് ശേഷം നീർക്കുന്നം ഭാഗത്ത് കടലിൽ നങ്കൂരമിട്ടിരുന്ന,കരൂർ പായൽക്കുളങ്ങര പുതുവൽ ബി.കുമാറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാഡ് വള്ളമാണ് വെള്ളിയാഴ്ച രാത്രി 11 ഓടെ തകർന്നത്. രാത്രിയിൽ അതിഭയങ്കരമായ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വള്ളം കരക്കടുപ്പിച്ചപ്പോൾ പൂർണമായും തകർന്നിരുന്നു .1,300 കിലോ വല, 2 എൻജിൻ, മണ്ണെണ്ണ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു.50 ലധികം തൊഴിലാളികൾ ജോലിക്ക് പോയിരുന്ന വള്ളമായിരുന്നു ഇത്.