ആലപ്പുഴ: 1965ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിൽ നിന്ന് ലളിതഗാനത്തിന് സമ്മാനം വാങ്ങിയ പെൺകൊടി. പിന്നെ കാൽ നൂറ്റാണ്ടോളം നൃത്തനാടക ട്രൂപ്പുകളിലെ മുഖ്യ ഗായിക. ഇതെല്ലാമായിരുന്ന വള്ളികുന്നം രോഹിണിക്ക് (66) ആകെയുണ്ടായിരുന്ന രണ്ടുമുറി വീടും കഴിഞ്ഞ രാത്രി മരം വീണ് തകർന്നു. തലചായ്ക്കാൻ ഒരിടമുണ്ടെന്ന ധൈര്യവും പോയി നിസഹായയായി നിൽക്കുന്നു രോഹിണി.
ഒറ്റത്തടിയായി കഴിയുന്ന രോഹിണിക്ക് കൂട്ടിനുള്ളത് പഴയ ശ്രുതിപ്പെട്ടിയും രോഗങ്ങളും. 21 ദിവസം മുമ്പായിരുന്നു തിമിര ശസ്ത്രക്രിയ. സഹോദരിയുടെ ചെറുമകൻ ആദിത്യനാണ് ഓപ്പറേഷന് ശേഷം സഹായത്തിനുള്ളത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ വീടിന് മുകളിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ആദിത്യന്റെ കൈപിടിച്ച് പുറത്തേക്ക് ഓടിയതുകൊണ്ട് പരിക്കൊന്നുമുണ്ടായില്ല. വലിയൊരു വയണ മരമാണ് വീട്ടിലേക്ക് പതിച്ചത്.
വള്ളികുന്നം ഇലിപ്പക്കുളം കുന്നേൽ വീട്ടിൽ കൃഷ്ണൻ ആചാരി-കാർത്യായനി അമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയതാണ് രോഹിണി. ഹാർമോണിസ്റ്റായിരുന്ന ചേച്ചി ദേവമ്മ വഴിയാണ് സംഗീതത്തിലേക്ക് എത്തുന്നത്. പിന്നീട് കലാമണ്ഡലം ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഡാൻസ് അക്കാഡമിയിൽ ഗായികയായി. 25 വർഷത്തോളം ഇന്ത്യയിലെമ്പാടും സമിതിക്കൊപ്പം സഞ്ചരിച്ചു.
ദുരിതം മാത്രം ബാക്കി
മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ ജ്യേഷ്ഠത്തിമാരായ ഈശ്വരി, പങ്കജാക്ഷി, പത്മാക്ഷി എന്നിവരെ പാടിക്കിട്ടിയ വരുമാനമുപയോഗിച്ച് രോഹിണിയാണ് വിവാഹം കഴിപ്പിച്ചയച്ചത്. ചുമതലകൾ തീർക്കുന്നതിനിടെ തന്റെ വിവാഹപ്രായം കടന്നത് വേദനയോടെ സഹിച്ചു. രോഗങ്ങൾ പിടിമുറുക്കിയതോടെ സ്റ്റേജ് പരിപാടികളോട് വിട പറഞ്ഞു. കുട്ടികൾക്ക് സംഗീത ക്ളാസെടുത്തു. മാനസിക വൈകല്യമുള്ള കുട്ടികളുടെ സ്കൂളിൽ സംഗീതം പഠിപ്പിച്ചിരുന്നു. പിന്നീട് അതിനും വയ്യാതായി.1500 രൂപയുടെ കലാകാര പെൻഷനാണ് ആശ്രയം. ഫോൺ: 9946608535.