ആലപ്പുഴ: അന്യസംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തേയ്ക്ക് എത്തുന്ന ട്രെയിനുകൾക്ക് വൈകാതെ ആലപ്പുഴ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന്, എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനുമുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. കളക്ടർ എം.അഞ്ജന സ്റ്റേഷനിലെ ക്രമീകരണങ്ങൾ ഇന്നലെ വിലയിരുത്തി. യാത്രക്കാരെ തെർമോ സ്‌കാനർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധിച്ച ശേഷം ശാരീരിക അകലം പാലിച്ച് ബസുകളിൽ എത്തിക്കുന്നതിനുമുള്ള സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടവും പൊലീസും ആർ.പി.എഫും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കുക. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള പന്തലുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.