ആലപ്പുഴ: കോഴിയിറച്ചി ഒരാഴ്ചയ്ക്കിടെ 80 രൂപ കൂടി 250ൽ എത്തി. കിലോയ്ക്ക് 250 രൂപയായിരുന്ന ബീഫ് ഒറ്റച്ചാട്ടത്തിന് 340ൽ എത്തി. ഏറ്റവുമധികം ഇറച്ചി വ്യാപാരം നടക്കുന്ന സീസണിലെ കൊള്ളയ്ക്കെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

അമിതവില പിടിച്ചുനിറുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചിക്കൻ മർച്ചന്റ്സ് അസോസിയേഷൻ കളക്ടർക്ക് നിവേദനം സമർപ്പിച്ചു. കോഴി ഫാം ഉടമകളെ ഉടൻ വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്യാമെന്നാണ് കളക്ടർ ഉറപ്പു നൽകിയിരിക്കുന്നത്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നാളെ മുതൽ കോഴിക്കടകൾ അടച്ചിടാൻ അസോസിയേഷൻ തീരുമാനിച്ചിരുന്നെങ്കിലും കളക്ടറുടെ ആവശ്യം മാനിച്ച് സമരം ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള കോഴി വരവ് ലോക്ക് ഡൗണിൽ നിലച്ചു. പക്ഷിപ്പനി മുതൽ കോഴിഫാമുകൾ പ്രതിസന്ധിയിലാണ്. നോമ്പുകാലത്ത് ഇറച്ചിക്കൊപ്പം മീൻ വിലയും കുതിക്കുകയാണ്. ഒരുകിലോ മത്തിക്ക് 260 രൂപ കൊടുക്കണം. ചൂരയ്ക്കും കരിമീനിനും 300ലാണ് തുടക്കം. പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിപണിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള വിലക്കയറ്റത്തിന് തടയിടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

..........................................

ഫാമുകളിൽ ആവശ്യത്തിന് കോഴിയുണ്ട്. കൊവിഡിന്റെ മറവിൽ കോഴികളെ മറച്ച് വയ്ക്കുകയാണ്. ചെറുകിട കച്ചവടക്കാർ ജോലിക്കാർക്ക് ശമ്പളം പോലും കൊടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ്

(കെ.എം.നസീർ, ചിക്കൻ മർച്ചന്റ്സ് അസോ. ജില്ലാ പ്രസിഡന്റ്)