ph

കായംകുളം: കായംകുളം കെ.എ സ്.ആർ.ടി.സി ജംഗ്ഷൻ കേന്ദ്രമാക്കിയുള്ള അദ്ധ്വാന വിഹിത ജീവകാരുണ്യ പ്രവർത്തക ട്രസ്റ്റിലെ ആട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസങ്ങളിൽ കായംകുളത്തിന്റെ വിവിധമേഖലകളിൽ നിന്നു പഴയ പ്ലാസ്റ്റിക് കുപ്പികളും ന്യൂസ്‌ പേപ്പറുകളും ആക്രി സാധനങ്ങളും ശേഖരിച്ച് വിറ്റുകിട്ടിയ തുക ഉപയോഗിച്ച് നാല്പതോളം ആട്ടോറിക്ഷ തൊഴിലാളി കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും ഭക്ഷ്യധാന്യങ്ങളും നൽകി.

ആട്ടോറിക്ഷാ തൊഴിലാളികളായ നിസാം സാഗർ, ഷിജാർ മുഹമ്മദ്‌കുഞ്ഞ്, സന്തോഷ്‌കുമാർ,ഷിജാർ ഇസ്ഹാഖ്, ബ്രഹ്മകുമാർ, നിസാമുദ്ദീൻ ഇസ്ഹാഖ് എന്നിവർ സംഘടനയുടെ രക്ഷാധികാരിയും മാവേലിക്കര ജോയിന്റ് ആർ.ടി.ഒയുമായ എം.ജി. മനോജിനൊപ്പം എത്തിയാണ് സഹായം കൈമാറിയത്.

മിച്ചം പിടിച്ച 7110 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മന്ത്രി ജി. സുധാകരന് കൈമാറാൻ തീരുമാനിച്ചു. നേരത്തെ എം.ജി. മനോജിന് ലഭിച്ച ഗുരു നിത്യചൈതന്യ യതി ഫൗണ്ടേഷന്റെ ജീവകാരുണ്യ പുരസ്‌കാരമായ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചപ്പോൾ മന്ത്രി ജി.സുധാകരൻ കായംകുളത്തെ ആട്ടോസ്റ്റാൻഡിലെത്തി തുക ഏറ്റുവാങ്ങിയിരുന്നു.