കായംകുളം: അമ്മുവിന്റെ കരവിരുതിൽ കുപ്പികൾ അലങ്കാര വസ്തുക്കളായപ്പോൾ അത് നാടിന്റെ കരുതലിനുള്ള ചെറിയ കൈത്താങ്ങായി. കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് അമ്മാസിൽ അമ്മു കുപ്പികളിൽ തീർത്ത അലങ്കാരങ്ങൾ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്.
ലോക്ക്ഡൗൺ കാലത്ത് ഒരു കൗതുകമായി ആരംഭിച്ച അലങ്കാര വസ്തു നിർമ്മാണം നാടിന്റെ കരുതലിലേക്ക് നൽകാമെന്ന തീരുമാനത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളാണെന്ന് അമ്മു പറയുന്നു. കൊച്ചുകുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ കുടുക്കകളിലെ സമ്പാദ്യം വരെ നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആവേശത്തോടെയാണ് കേട്ടത്. ഇതാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ തന്നെയും പ്രേരിപ്പിച്ചതെന്ന് അമ്മു പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവ ശേഖരിച്ച് വിൽക്കാൻ മുന്നോട്ടുവരികയും ചെയ്തു.
മാവേലിക്കര ബിഷപ് മൂർ കോളജിലെ അവസാന വർഷ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ അമ്മു മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ് - ശ്രീദേവി ദമ്പതികളുടെ മകനാണ്. ബികോം വിദ്യാർത്ഥിയായ അതുൽ അമ്മാസാണ് സഹോദരൻ.
കുപ്പികളിൽ തീർത്ത അലങ്കാര വസ്തുക്കൾ എ.എം ആരിഫ് എം.പി ഏറ്റുവാങ്ങി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി.