പൂച്ചാക്കൽ: വേമ്പനാട് കായലി​ൽ നി​ന്ന് കക്ക വാരി​ അന്നന്നത്തെ അന്നത്തി​ന് വഴി​ കണ്ടെത്തി​യി​രുന്ന ഒരു പറ്റം തൊഴി​ലാളി​കൾ ലോക്ക് ഡൗണി​നെത്തുടർന്ന് അക്ഷരാർത്ഥത്തി​ൽ വലയുകയാണ്. കക്കാ ഇറച്ചി​യുടെ ആവശ്യം കുത്തനെ കുറഞ്ഞു. കക്കാത്തോട് കയറ്റുമതി​യും നി​ലച്ചു. എല്ലാ വരുമാനമാർഗവും ഇവർക്ക് മുന്നി​ൽ അടഞ്ഞ അവസ്ഥയാണ്.

വേമ്പനാട്ട് കായലിനോട് ചേർന്ന് തണ്ണീർമുക്കം മുതൽ അരൂക്കുറ്റി ഭാഗം വരെയുള്ള തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. കായലിൽ നിന്നും വല ഉപയോഗിച്ച് വാരിയെടുക്കുന്ന കക്ക, വലിയ പാത്രത്തിലിട്ട് പുഴുങ്ങി, ഇറച്ചിയും കക്കാത്തോടും വേർതിരക്കും. ഇറച്ചി ആഹാരത്തിനും, കക്കാത്തോട് വളം നിർമ്മാണത്തിനുമായി എടുക്കും. കറുത്ത കക്കാത്തോട് വ്യാവസായികാവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. മുമ്പ് കായലിനോട് ചേർന്ന് നിരവധി കക്കാചൂളകൾ പ്രവർത്തിച്ചിരുന്നു. ഇവിടെ നിന്നാണ് കറുത്ത കക്ക നീറ്റി ചുണ്ണാമ്പും കുമ്മായവും ഉണ്ടാക്കായിരുന്നത്. അന്ന് കാർഷികാവശ്യത്തിനും, പെയിന്റിംഗ് ജോലികൾക്കുമായി ആഭ്യന്തര വിപണി ഉണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ കുമ്മായത്തിന്റെ ഉപഭോഗം കുറയുകയും ചൂളകൾ ഓരോന്നായി അടച്ചു പൂട്ടുകയും ചെയ്തു. ഇപ്പോൾ അന്യസംസ്ഥാനങ്ങളിലേക്ക് കക്ക കയറ്റി അയക്കുകയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ചരക്ക് ഗതാഗതം നിലച്ചതോടെ, തൊഴിലാളികളുടെ വീടുകളിൽ ടൺ കണക്കിന് കക്കയാണ് കൂട്ടിയിട്ടിരിക്കുന്നത്.

പോഷക സമ്പന്നം;

മത്സ്യത്തോടൊപ്പം കക്കയിറച്ചിയും നാട്ടിൻ പുറങ്ങളിൽ ഇഷ്ടവിഭവമാണ്. എന്നാൽ പോഷക സമൃദ്ധിയുണ്ടായിട്ടും കക്കയിറച്ചിക്ക് വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ല. ഹോട്ടലുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ അടഞ്ഞതോടെ മറ്റ് വിപണികൾ കണ്ടെത്താൻ പ്രയാസപ്പെടുകയാണ്.

ചെങ്ങണ്ട മുതൽ അരുക്കുറ്റിവരെയാണ് കക്കയുടെ പ്രജനനം കൂടുതലായി നടക്കുന്നത്. കക്കയ് ക്ക് പ്രത്യേക സീസൺ ഇല്ല.

....................................

മത്സ്യത്തൊഴിലാളികൾ തന്നെയാണ് കക്ക വരാൻ പോകുന്നത്. മത്സ്യത്തോടൊപ്പം കക്കയിറച്ചിയും കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. കയറ്റുമതി നിയന്ത്രണങ്ങൾ വന്നതോടെ ഈ മേഖല കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. കറുത്ത കക്ക ഉപയോഗിച്ച് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കണം.

എൻ.പി.പ്രദീപ് , പഞ്ചായത്തംഗം

.....................................