ചേർത്തല:നഗരസഭയിൽ മാസ്‌ക്, സാനിട്ടൈസർ വിതരണം നിളുന്നതിനെതിരെ ഭരണസമിതി അംഗം രംഗത്തുവന്നതോടെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലെ തർക്കം കയ്യാങ്കളിയോളമെത്തി.
നഗരപരിധിയിലെ എല്ലാ വീടുകളിലും മാസ്‌കും സാനിട്ടൈസറും വിതരണം ചെയ്യാൻ രണ്ടാഴ്ച മുമ്പു നടന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.എന്നാൽ മൂന്നാം ലോക്ക്ഡൗൺ അവസാനിക്കാറായിട്ടും ഒരു വീട്ടിൽ പോലും പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തില്ല. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം നടന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായി. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് പ്രശ്നം രമ്യതയിലാക്കിയത്.
മാസ്‌കുകൾ കുടുംബശ്രീ വഴി തയ്യാറാക്കി വിതരണം ചെയ്യാനാണ് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നത്.35 വാർഡുകളിലായി 13,850 വീടുകളാണ് നഗരത്തിലുള്ളത്.സമീപത്തെ പഞ്ചായത്തുകളിലെല്ലാം പ്രതിരോധ സാമഗ്രികളുടെ വിതരണം രണ്ടാഴ്ച മുമ്പു തന്നെ പൂർത്തിയാക്കിയിരുന്നു.പ്രതിപക്ഷ മുന്നണിയിലെ കക്ഷിനേതാക്കൾ 19ന് നഗരസഭയിൽ ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്.