ചാരുംമൂട്: ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് ആസ്ഥാനമായ ചാരുംമൂട് ജംഗ്ഷനും പരിസര പ്രദേശങ്ങളും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച
'ഹരിതാഭം - ചാരുംമൂട്' സൗന്ദര്യവത്കരണ പദ്ധതിക്കു തുടക്കമായി. വികസന ഫണ്ടിൽ നിന്നും 16.50 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
ചാരുംമൂട് ജംഗ്ഷൻ കേന്ദ്രീകരിച്ച് കെ.പി റോസിന് ഇരുവശവും സെന്റ് മേരീസ് ദേവാലയ ജംഗ്ഷൻ മുതൽ ഐ.ടി.ബി.പി ജംഗ്‌ഷൻ വരെയും, കൊല്ലം - തേനി ദേശീയപാതയിൽ ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ മുതൽ പബ്ലിക് ലൈബ്രറി ജംഗ്ഷൻ വരെയും മാലിന്യ നിക്ഷേപ പ്രദേശങ്ങൾ കണ്ടെത്തും. തുടർന്ന് മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കുമൊപ്പം ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണവും നടത്തുകയാണ് ലക്ഷ്യം.
മാലിന്യ നിക്ഷേപത്തിനായി ഏഴ് ബിന്നുകൾ സ്ഥാപിക്കും. ഇതിൽ പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ല് കുപ്പികൾ എന്നിവ പ്രത്യേകം പ്രത്യേകം നിക്ഷേപിക്കാം. 11 കാമറകളും ശുചിത്വ സന്ദേശ ബോർഡുകളും സ്ഥാപിക്കും. റോഡിന്റെ വശങ്ങളിൽ വിസ്തൃതിയുള്ള സ്ഥലങ്ങളിൽ തണൽ മരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിക്കും. ബിന്നുകൾ സ്ഥാപിക്കുന്ന ജോലികൾ പുന:രാരംഭിച്ചതായി പ്രസിഡന്റ് രജനി ജയദേവ് അറിയിച്ചു.